Home അറിവ് ‘ഹെര്‍ സര്‍ക്കിള്‍’; സ്വന്തമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് നിത അംബാനി, സ്ത്രീകള്‍ക്ക് മാത്രം

‘ഹെര്‍ സര്‍ക്കിള്‍’; സ്വന്തമായി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് നിത അംബാനി, സ്ത്രീകള്‍ക്ക് മാത്രം

സ്ത്രീകള്‍ക്ക് വേണ്ടി സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ നിത അംബാനി. വനിതാ ദിനത്തിന് മുന്നോടിയായാണ് ‘ഹെര്‍ സര്‍ക്കിള്‍’ (HerCircle.in) എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴില്‍, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷന്‍, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളായിരിക്കും ഹെര്‍ സര്‍ക്കിളിന്റെ ഉള്ളടത്തില്‍ ഉണ്ടാവുക.

സ്ത്രീകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം പ്രയോജനപ്രദമാകും. സ്ത്രീ ശാക്തീകരണമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സ്ത്രീകള്‍ക്ക് ആവശ്യമായ സകല വിവരങ്ങളും പങ്കുവയ്ക്കുന്ന ഹെര്‍ സര്‍ക്കിള്‍ പ്ലാറ്റ്ഫോമിലേക്ക് രാജ്യത്തെ മുഴുവന്‍ വനിതകളെയും സ്വാഗതം ചെയ്ത് നിത അംബാനി പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലെ സംശയങ്ങള്‍ റിലയന്‍സ് വിദഗ്ധര്‍ ദൂരീകരിക്കും.

ഇംഗ്ലീഷിലാണ് നിലവില്‍ വെബ്‌സൈറ്റ് ലഭിക്കുക. വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കുമെന്നാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും മൈ ജിയോ ആപ്പിലും ഹെര്‍ സര്‍ക്കിള്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനാകും.