സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ആരംഭിച്ച സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിറത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കിറ്റ് വിതരണം നടക്കുന്നത്. അഞ്ഞൂറ് രൂപയോളം വിലയുള്ള 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. കിറ്റ് ലഭിക്കുന്ന തിയതികള്‍ പരിശോധിക്കാം.
അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കിറ്റ് ആദ്യ വിതരണം ചെയ്യുന്നത്. ഈക്കൂട്ടത്തില്‍ 5.95 ലക്ഷം ആളുകള്‍ ഉള്‍പ്പെടുന്നുണ്ട്. ആഗസ്റ്റ് 13,14,16 തിയതികളിലാണ് വിതരണം ചെയ്യുക. ശനിയാഴ്ച്ച വരെ കിറ്റ് വിതരണം നടക്കും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം 0, 1, 2 ഉള്ളവര്‍ക്ക് വ്യാഴാഴ്ച്ചയും 3, 4, 5 അക്കത്തിന് വെള്ളിയാഴ്ച്ചയും 6, 7, 8, 9 അക്കത്തിന് ശനിയാഴ്ച്ചയും കിറ്റ് വിതരണം നടക്കും.
പിങ്ക് കാര്‍ഡുള്ളവര്‍ക്ക് 19,20,21,22 തീയതികളിൽ കിറ്റുകൾ നൽകും. 19ന് പൂജ്യം, ഒന്ന്, 20ന് രണ്ട്, മൂന്ന്, 21ന് നാല്, അഞ്ച്, ആറ്, 22ന് ഏഴ്, എട്ട്, ഒമ്പത് എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്. റേഷൻ കടയിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചിരുന്ന മുൻഗണനാ വിഭാഗത്തിന് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരിയുടെ വിതരണവും ആരംഭിച്ചിട്ടുണ്ട്.
ഓണത്തിന് മുമ്പായിട്ടായിരിക്കും ശേഷിക്കുന്ന 51 ലക്ഷത്തോളം കുടുംബങ്ങളോളം പേർ ഉൾപ്പെടുന്ന വെള്ള, നീല കാർഡുകൾക്ക് കിറ്റുകൾ വിതരണം ചെയ്യുക. ഓഗസ്റ്റ് 21 മുതൽ പത്ത് ദിവസത്തേക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണ ചന്തയും ആരംഭിക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. റേഷൻകടകൾക്ക് ഒരു കിറ്റിന് ഏഴ് രൂപ വീതം വിതരണച്ചെലവായി നൽകും.