Home വാണിജ്യം ഫോണില്‍ ഡ്രോണ്‍ ക്യാമറ; പുത്തന്‍ പരീക്ഷണവുമായി വിവോ

ഫോണില്‍ ഡ്രോണ്‍ ക്യാമറ; പുത്തന്‍ പരീക്ഷണവുമായി വിവോ

മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡ്രോണുമായി വിവോ. ഫോണില്‍ നിന്ന് ഡിറ്റാച്ച് ചെയ്ത് എടുക്കാവുന്ന ക്യാമറ ഡ്രോണ്‍ മാതൃകയില്‍ പറത്തി, ചിത്രം എടുക്കാനാകുമെന്നാണ് സൂചന. ഇത്തരമൊരു ഫോണിന്റെ പേറ്റന്റ് കമ്പനി 2020 ഡിസംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് വിവരം. ഇന്റഗ്രേറ്റഡ് ഫ്‌ലയിങ് ക്യാമറാ ഫോണ്‍ ആണ് വിവോ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജിംബല്‍ സിസ്റ്റം മൊബൈല്‍ ക്യാമറയില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പറക്കുന്ന ക്യാമറയിലേക്ക് വിവോ പരീക്ഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, വിവോ പേറ്റന്റിനായി സമര്‍പ്പിച്ച മാതൃകയെന്ന പേരില്‍ ഒരു സ്‌കെച്ചും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ലെറ്റ്‌സ് ഗോ ഡിജിറ്റല്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഡച്ച് മാസികയിലാണ് ആദ്യം ഈ ചിത്രം വന്നതെന്നു കരുതുന്നു.

ഇതനുസരിച്ച് ഫോണില്‍ നിന്ന് അടര്‍ത്തി എടുക്കാവുന്ന വിധത്തില്‍ മുകളില്‍ അറ്റത്തായി പ്രത്യേക കമ്പാര്‍ട്ടമെന്റ് ആയാണ് ക്യാമറയുള്ളത്. അഴിച്ചെടുക്കുന്ന ക്യാമറ നാല് പ്രൊപ്പല്ലറുകളുള്ള മിനി ഡ്രോണ്‍ ആണ്. ഇതില്‍ ബാറ്ററിയും ഐആറും ഉള്‍പ്പെടെയുള്ളവ പ്രത്യേകം ചേംബറായി രൂപപ്പെടുത്തിയിരിക്കുന്നു. ഡ്യുവല്‍ ക്യാമറാ സംവിധാനമാണ് ഡ്രോണിലേത്. 3 ഇന്‍ഫ്രാറെഡ് സെന്‍സറുകളും ഇതിലുണ്ട്. ഇത് പറക്കുമ്പോഴുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാനുള്ളതാണ്.

ഒരു ക്യാമറ മുന്നിലെ ചിത്രങ്ങള്‍ എടുക്കാനും താഴത്തെ ക്യാമറ ഫൂട്ടേജുകള്‍ റെക്കോര്‍ഡ് ചെയ്യാനുമുള്ളതാണെന്ന് പേറ്റന്റ് അപേക്ഷയില്‍ പറയുന്നു. ഫോണില്‍ ആകെ 4 ലെന്‍സുകള്‍ ഉണ്ടെന്നാണ് വിവരം. ഫോണില്‍ കണക്ട് ചെയ്യാവുന്ന വിധത്തിലുള്ളത് ആയതുകൊണ്ട് ക്യാമറ തീരെ ചെറുതായിരിക്കും. നിലവിലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് വിവോയുടെ റിസേര്‍ച്ച് ഹബ്ബില്‍ പരീക്ഷണഘട്ടത്തിലാണ് ഫോണുള്ളത്. അതുകൊണ്ടു തന്നെ ഇവ എന്നു യാഥാര്‍ഥ്യമാകുമെന്നോ വിപണിയിലേക്ക് എത്തുമെന്നോ ധാരണയില്ല.

48 മെഗാ പിക്‌സലുള്ള പ്രൈമറി സെന്‍സറും 8 എംപി വൈഡ് ലെന്‍സും 8 എംപി ടെലിഫോട്ടോ ലെന്‍സും 13 എംപി െഡപ്ത് സെന്‍സറുമാണ് ഈ ഫോണിലുള്ളത്. സെല്‍ഫിക്കായി 32 എംപി ക്യാമറയും ഉള്‍പ്പെടുത്തിയിരുന്നു. 50000 രൂപയോളമാണ് എക്‌സ് 50 പ്രോയ്ക്ക് വില. അതുകൊണ്ടു തന്നെ പരീക്ഷണഘട്ടത്തിലുള്ള ഡ്രോണ്‍ ക്യാമറ വിപണിയിലെത്തിയാലും വിലയില്‍ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ആണ് വിദഗ്ധാഭിപ്രായം

പെന്റാ റെയര്‍ ക്യാമറകളുമായുള്ള ഫോണുകളും ഉടനെ വിപണിയിലെത്തും. ഇത് മിഡ് റേഞ്ചില്‍ ഉള്ളവയാണെന്നാണ് കരുതുന്നത്. കൂടാതെ ഫോണില്‍ നിന്ന് ഡിറ്റാച്ച് ചെയ്യാവുന്ന ക്യാമറകളുമായി ഫോണിറക്കാനും വിവോ ലക്ഷ്യമിടുന്നുണ്ട്. റിമൂവബിള്‍ പോപ് അപ് ക്യാമറകളാണിവ. ഇവ കാന്തത്തിലാണ് ഉറപ്പിക്കുക. ഇവ ഉടനെ വിപണിയിലേക്ക് എത്തിയേക്കും.