Home ആരോഗ്യം വാക്‌സിന്‍ വിതരണത്തിന് 50000 കോടി രൂപ നീക്കിവെച്ച് കേന്ദ്രം; ഒരാള്‍ക്ക് രണ്ട് കുത്തി വയ്പ്പുകള്‍

വാക്‌സിന്‍ വിതരണത്തിന് 50000 കോടി രൂപ നീക്കിവെച്ച് കേന്ദ്രം; ഒരാള്‍ക്ക് രണ്ട് കുത്തി വയ്പ്പുകള്‍

കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാമ്പത്തികമായി ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി 50,000 കോടി രൂപ കേന്ദ്രം നീക്കിവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഒരു ഡോസ് വാക്സിന് ഏകദേശം ഏഴ് ഡോളര്‍ വരെ ചെലവ് വരുമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാള്‍ക്ക് നല്‍കുക. നാല് ഡോളര്‍ ഇതിന് ചെലവ് വരും. വാക്സിന്‍ സംഭരണം, വാക്സിന്‍ എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി രണ്ട് മുതല്‍ മൂന്ന് ഡോളര്‍ വരെ ചെലവായേക്കാമെന്നാണ് നിഗമനം. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഒരാള്‍ക്ക് ഏകദേശം ഏഴ് ഡോളര്‍ ചെലവ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

2021 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ഈ തുക ഉള്‍പ്പെടുക. കൂടുതല്‍ പണം ആവശ്യമായാലും തുകയില്‍ കുറവുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, റിപ്പോര്‍ട്ടുകളോട് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്സിന്‍ തയ്യാറാകുന്ന മുറയ്ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ എത്രയും പെട്ടന്ന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.