Home വാണിജ്യം ഭവന വായ്പക്ക് പലിശ കുറച്ച് എസ്ബിഐ; യോനോ ആപ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ്

ഭവന വായ്പക്ക് പലിശ കുറച്ച് എസ്ബിഐ; യോനോ ആപ് ഉപയോഗിക്കുന്നവര്‍ക്ക് ഇളവ്

പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. ഉത്സവ സീസണ്‍ പ്രമാണിച്ചാണ് ഈ ആനുകൂല്യം. പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചത്. സിബില്‍ റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ 75 ലക്ഷത്തിന് മുകളില്‍ വായ്പ എടുത്തവര്‍ക്ക് പലിശനിരക്കില്‍ 20 ബേസിക് പോയിന്റിന്റെ കുറവ് വരുത്തി.

കൂടാതെ യോനോ ആപ്പ് വഴി ഭവന വായ്പ എടുക്കുന്നവര്‍ക്ക് അഞ്ച് ബേസിക് പോയിന്റിന്റെ അധിക ഇളവും അനുവദിക്കുന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം. 30 ലക്ഷത്തിനും 75 ലക്ഷത്തിനും ഇടയ്ക്കുളള തുകയ്ക്ക് വായ്പ എടുത്തവര്‍ക്ക് പത്ത് ബേസിക് പോയിന്റിന്റെ കുറവുണ്ടാകും.

ഇതിന് പുറമെ വനിതകള്‍ക്ക് അഞ്ചു ബേസിക് പോയന്റ് അധികം ഇളവ് നല്‍കുമെന്നും എസ്ബിഐ അറിയിച്ചു. 30 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് കുറഞ്ഞത് 6.90 ശതമാനം പലിശയാണ് ഈടാക്കുന്നത്.

ഉത്സവ ഓഫറുകളുടെ ഭാഗമായി നേരത്തെതന്നെ ഭവനവായ്പക്ക് 10 മുതല്‍ 20വരെ ബേസിസ് പോയിന്റിന്റെ കുറവുവരുത്തിയിരുന്നു. 30 ലക്ഷം രൂപമുതല്‍ 2 കോടി രൂപവരെയുള്ള വായ്പകള്‍ക്കായിരുന്നു ഈ ആനുകൂല്യം. യോനോ വഴി അപേക്ഷിച്ചാല്‍ 5 ബേസിസ് പോയിന്റിന്റെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിരുന്നു.

വാഹന, സ്വര്‍ണ, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. വാഹന വായ്പയ്ക്ക് 7.5ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. സ്വര്‍ണപ്പണയത്തിനും വ്യക്തിഗത ലോണിനും യഥാക്രമം 7.5ശതമാനം, 9.6ശതമാനം എന്നിങ്ങനെയാണ് പലിശ.