Home അന്തർദ്ദേശീയം വിപണി തിരിച്ചുപിടിക്കാൻ പേര് മാറ്റി ചൈനയുടെ പുതിയ തന്ത്രം.

വിപണി തിരിച്ചുപിടിക്കാൻ പേര് മാറ്റി ചൈനയുടെ പുതിയ തന്ത്രം.

മേയ്ഡ് ഇൻ പിആർസി. വായിക്കുന്നവർക്ക് ഒന്നും മനസ്സിലാവില്ല. ഇനി ഇതിന്റെ മുഴുവൻ പേരറിയാം.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന. സംഗതി ചൈന തന്നെ. ചൈനീസ് ഉത്പന്നങ്ങൾ ജനങ്ങൾ കയ്യൊഴിഞ്ഞ് തുടങ്ങിയതോടെയാണ് ഈ പേരുമാറ്റമെന്നാണ് സൂചന. മേയ്ഡ് ഇൻ ചൈന എന്നത് നോക്കിയാണ് മുമ്പ് ജനങ്ങൾ ചൈനീസ് ഉത്പന്നങ്ങൾ തിരിച്ചറിഞ്ഞിരുന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള സമൂഹമാധ്യമങ്ങളിലെ ആഹ്വാനം ഒരു പരിധി വരെ ഫലം കണ്ടതാണ് പേര് മാറ്റത്തിന് പിന്നിലെന്നാണ് സൂചന. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യുഎൻ രക്ഷാസമിതിയിൽ ചൈന തടഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചൈനീസ് ഉത്പന്ന ബഹിഷ്കരണം എന്ന ആഹ്വാനം പടർന്നത്.
പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്നത് ചൈനയാണെന്നുള്ള സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മഹാത്മാ ഗാന്ധിയുടെ സ്വദേശി പ്രസ്ഥാനത്തെ ഓർമിപ്പിച്ച് സ്വദേശി ജാഗരൺ മഞ്ചും രംഗത്തുവന്നിരുന്നു. ഇവരുടെ ആവശ്യവും ചൈനീസ് ഉത്പന്ന ബഹിഷ്കരണമാണ്. ചൈനയില്‍ നിന്ന് ഗുണനിലവാരമില്ലാത്തതും വിലക്കുറവുളളതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുന്നത് ഇന്ത്യയിലെ ചെറുകിട വ്യവസായത്തെ സാരമായി ബാധിക്കുന്നതായി പാര്‍ലമെന്ററി സമിതിയും കണ്ടെത്തിയിരുന്നു. ഉത്പാദനം വെട്ടിക്കുറച്ച് ചെറുകിട ഫാക്ടറികള്‍ അടച്ചപൂട്ടേണ്ട അവസ്ഥയാണെന്നും വ്യാപക തൊഴില്‍ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സമിതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
വളരെ എളുപ്പത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൊണ്ടുവന്ന് തളളാനുളള ഇടമായി ഇന്ത്യ മാറി. ആഭ്യന്തരവിപണിയും തൊഴില്‍നഷ്ടവും കണക്കിലെടുക്കണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു.
ചൈനീസ് സോളാര്‍ പാനല്‍ രാജ്യത്ത് ഇറക്കുമതി ചെയ്തതിനെ തുടര്‍ന്ന് രണ്ടുലക്ഷത്തിനടുത്താണ് തൊഴില്‍ നഷ്ടമെന്നും സമിതി കണ്ടെത്തി. കുറഞ്ഞ ചിലവില്‍ ചൈനയില്‍ നിന്നും ലഭിക്കുന്ന സൈക്കിളുകളാണ് ഇവിടെ കൂടുതലായി ഓര്‍ഡര്‍ ചെയ്യുന്നത്.
നിലവില്‍ ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ.ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിനെക്കാള്‍ കൂടുതലാണ് ചൈനയില്‍ നിന്നുളള ഇറക്കുമതി. നഷ്ടപ്പെട്ട വിപണി തിരിച്ച് പിടിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. മെയ്ഡ് ഇൻ പിആർസി ഇതിന്റെ ഭാഗം മാത്രം.