Home വിശ്വാസം കർക്കിടക മാസം – അറിയേണ്ടതെല്ലാം…

കർക്കിടക മാസം – അറിയേണ്ടതെല്ലാം…

ജ്യേഷ്ഠയെ പുറത്താക്കല്‍ – കര്‍ക്കിടകം ജ്യേഷ്ഠഭഗവതിയുടെയും ചിങ്ങം ലക്ഷ്മിദേവിയുടെയും മാസമെന്നാണ് ഹൈന്ദവവിശ്വാസം. കര്‍ക്കിടക മാസത്തിലെ അവസാന ദിവസം ഗൃഹത്തിലെ അഴുക്കും പൊടിയും ചിലന്തിവലകളുമെല്ലാം അടിച്ചു തൂത്തുവാരി പടിക്കുപുറത്ത് കൊണ്ടുപോയിക്കളഞ്ഞ് ചാണകവെള്ളവും മഞ്ഞള്‍ അരച്ചതും ചേര്‍ത്തിളക്കി ഗൃഹവും പരിസരവും തളിച്ച് ശുദ്ധിവരുത്തും. (പണ്ട് തറകളില്‍ ചാണകവും ഉമിയും ചേര്‍ത്ത് മെഴുകുമായിരുന്നു) ജ്യേഷ്ഠയെ പുറത്താക്കി ലക്ഷ്മിദേവിയെ സ്വീകരിക്കുവാന്‍ ചിങ്ങപ്പുലരിയില്‍ ഓരോ ഗൃഹവും സജ്ജമാകും

ശീവോതിക്കു വയ്ക്കൽ
കർക്കിടക മാസം തീരുന്നതുവരെ എല്ലാവീടുകളിലും ശ്രീഭഗവതിയെ വരവേൽക്കാനായി ശീവോതിക്കുവക്കൽ ചടങ്ങ് അനുഷ്ഠിക്കും. മച്ചിൽ നിലവിളക്കു കൊളുത്തി അതിന്റെ പിന്നിലാണ് ശീവോതിക്കു വയ്ക്കുക. ചിലർ പൂമുഖത്തും വിളക്ക് വയ്ക്കും. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കാനായുള്ള ചടങ്ങാണിത്. രാവിലെ കുളിച്ച് പലകയിലോ പീഠത്തിലോ ഭസ്മംതൊട്ട് നാക്കില വച്ച് അതിൽ രാമായണം, കണ്ണാടി, കൺമഷി, കുങ്കുമം, തുളസി, വെറ്റില, അടക്ക എന്നിവ വയ്ക്കും. കത്തിച്ചുവയ്ക്കുന്ന വിളക്ക് വൈകീട്ടേമാറ്റൂ. രാത്രിയിൽ രാമായണം വായിക്കുകയും ചെയ്യും.

ദശപുഷ്പം ചൂടല്‍ – കുളി കഴിഞ്ഞ് വന്നാല്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടണം. കൃഷ്ണക്രാന്തി, കറുക, മുയല്‍ച്ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുന്തല്‍, മുക്കുറ്റി, വള്ളിയുഴിഞ്ഞ എന്നിങ്ങനെ പത്ത് ഔഷധപുഷ്പങ്ങള്‍ ഓരോന്നും ഓരോ ദിവസവും എന്നാണ് കണക്ക്.

പത്തിലക്കറി-ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇലക്കറി കഴിക്കണം എന്നത് ഒരു പഴയ നിഷ്ഠയാണ്. താള്, തകര, പയറ്, ഉഴുന്ന്, മത്തന്‍, കുമ്പളം, ചീര, തഴുതാമ, തുടിപ്പന്‍, പൊന്നാരിയില എന്നിങ്ങനെ പത്തിലക്കറികള്‍ കര്‍ക്കിടകത്തില്‍ ജീവകനഷ്ടം പരിഹരിക്കുന്നതിന് ഉത്തമമാകുന്നു. എന്നാല്‍ മുരിങ്ങയില കര്‍ക്കിടകത്തില്‍ നിഷിദ്ധമത്രെ. പത്തിലയുടെ ഗുണവും നല്‍കുന്ന താള് അതിവിശേഷമെന്ന് കരുതപ്പെടുന്നു.


മരുന്നു കഞ്ഞി
ശരീര പുഷ്ടിക്കുള്ള ചികിത്സകൾക്ക് അനുയോജ്യമാണ് കർക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തിൽ പിടിക്കുമെന്നാണ് വിശ്വാസം. മരുന്നുകഞ്ഞി ദഹനശേഷി വർദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സഹായിക്കും. ദശപുഷ്പം, വാതക്കൊടിയില, കരിങ്കുറിഞ്ഞി, പനികൂർക്കയില, ചങ്ങലംപരണ്ട എന്നിവയാണ് കഞ്ഞിയിലെ ഔഷധച്ചേരുവകൾ. ഇവ ചതച്ച് നീര് പിഴിഞ്ഞെടുത്ത് ജീരകപ്പൊടി, നെയ്യ്, ഉപ്പ് എന്നീചേരുവകളും അരിയും ചേർത്താണ് കഞ്ഞി തയ്യാറാക്കുന്നത്. ചിലയിടങ്ങളില്‍ ഉലുവാകഞ്ഞിയും മറ്റു ചിലയിടങ്ങളില്‍ കുറുന്തോട്ടിവേര്, ജീരകം, പഴുക്കപ്ലാവിലഞെട്ട് ഇവആട്ടിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് ഞവര അരിയില്‍ കഞ്ഞി വയ്ക്കുന്ന രീതിയുമുണ്ട്. സര്‍വ്വരോഗശമനത്തിനും പോഷകശോഷണത്തിനും ജീവക നഷ്ടത്തിനും പരിഹാരമാണ് ഔഷധകഞ്ഞി.

സുഖ ചികിത്സ -ഉഴിച്ചിലും പിഴിച്ചിലും ഞവരക്കിഴിയുമൊക്കെയായി നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ആയുര്‍വേദസുഖ ചികിത്സയ്ക്ക്. ശരീരത്തിന്റെ ദുര്‍മേദസ് അകറ്റുന്നതിനും പേശികളുടെയും ഞരമ്പുകളുടെയും പുഷ്ടിയ്ക്കും ശരിയായ രക്തചംക്രമണത്തിനും കര്‍ക്കിടക ചികിത്സ സഹായകമാകും.

നാലമ്പല ദര്‍ശനം -കര്‍ക്കിടകത്തിന്റെ പുണ്യമാണ് നാലമ്പല ദര്‍ശനം. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ഭരതക്ഷേത്രം, തിരുമൂഴിക്കുളം, ലക്ഷ്മണപെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം ഇവയാണ് നാലമ്പലങ്ങള്‍. ദ്വാപരയുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പൂജിച്ച വിഗ്രഹങ്ങളാണ് ഇവയെന്നും കാലാന്തരത്തില്‍ കടലെടുത്ത വിഗ്രഹങ്ങള്‍ മുക്കുവര്‍ക്ക് ലഭിച്ചുവെന്നും അവരത് അയിരൂര്‍ കോവിലകം മന്ത്രിയായിരുന്ന വാക്കയില്‍ കൈമളെ ഏല്‍പ്പിക്കുകയും അദ്ദേഹം പ്രശ്‌നം വയ്പ്പിച്ച് പണി കഴിപ്പിച്ചതാണ് നാലമ്പലങ്ങളെന്നും കരുതപ്പെടുന്നു. കര്‍ക്കിടകമാസത്തില്‍ നാലമ്പലങ്ങളും ഒരു ദിവസം ദര്‍ശിച്ചാല്‍ സുകൃതം ലഭിക്കുമെന്നാണ് വിശ്വാസം.


കർക്കിടകവാവ്
ഈ മാസത്തിലെ കറുത്തവാവിന് ഏറെ പ്രാധാന്യമാണ്. മൺമറഞ്ഞ പിതൃക്കളുടെ ആത്മശാന്തിക്കായി ബലികർമ്മങ്ങൾ നടത്തുന്ന പുണ്യദിനം.

രാമായണ പാരായണം – രാമായണ പാരായണമില്ലാതെ കർക്കിടകം പൂർണമാകുന്നില്ല. ക്ഷേത്രങ്ങളിലും ഹൈന്ദവ ഗൃഹങ്ങളിലും കർക്കിടകത്തിൽ രാമമന്ത്രധ്വനി മുഴങ്ങും.