Home അറിവ് അവശ്യമരുന്നുകള്‍ക്കായി 112ല്‍ വിളിക്കാം; മരുന്നുമായി ഹൈവേ പൊലീസ് വീട്ടിലെത്തും

അവശ്യമരുന്നുകള്‍ക്കായി 112ല്‍ വിളിക്കാം; മരുന്നുമായി ഹൈവേ പൊലീസ് വീട്ടിലെത്തും

നങ്ങള്‍ക്ക് വേണ്ട അവശ്യമരുന്നുകള്‍ ഹൈവേ പൊലീസ് വീട്ടിലെത്തിക്കും. 112 ല്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടാല്‍ ഹൈവേ പൊലീസ് നേരിട്ട് വീടുകളില്‍ എത്തി മരുന്നു നല്‍കും. മരുന്നിന്റെ വിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി അറിയിച്ചാല്‍ മതിയാകും. ഗ്രാമപ്രദേശങ്ങളിലും പൊലീസ് മരുന്ന് എത്തിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കി. വീടുകളില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവര്‍ക്ക് ഇത് സഹായമാകും.

ഒന്‍പത് ദിവസത്തെ ലോക്ക്ഡൗണ്‍ ഇന്നു മുതലാണ് നിലവില്‍ വന്നത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുകളുള്ളത്. പൊതുഗതാഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനം പുറത്തിറക്കരുത്. എന്നാല്‍ അവശ്യ വസ്തുക്കളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 6മുതല്‍ വൈകുന്നേരം 7.30 വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

അന്തര്‍ ജില്ലാ യാത്രകള്‍ ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, രോഗിയെ കാണല്‍ എന്നിവയ്ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും.