Home ആരോഗ്യം കൊവിഡ് രോഗികളില്‍ രക്തം കട്ട പിടിക്കുന്നതും ഹൃദയാഘാതം സംഭവിക്കുന്നതും.

കൊവിഡ് രോഗികളില്‍ രക്തം കട്ട പിടിക്കുന്നതും ഹൃദയാഘാതം സംഭവിക്കുന്നതും.

ഈ ചിത്രം കാണുക. ഡോ.അംബരീഷ് പകർത്തിയ ചിത്രമാണ് മുകളിൽ കാണുന്നത്. കൊവിഡ് രോഗികള്‍ ആരോഗ്യകാര്യങ്ങളില്‍ പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്നത് സത്യമാണ്. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ രോഗവ്യാപനം ശക്തമാക്കുകയും രോഗലക്ഷണങ്ങളടക്കമുള്ള കാര്യങ്ങളില്‍ ഗണ്യമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്തു.  നേരത്തേ പ്രായമായവരാണ് കൂടുതല്‍ സൂക്ഷിക്കേണ്ടിയിരുന്നതെങ്കില്‍ ഇപ്പോഴതിന് പ്രായത്തിന്റെ അതിര്‍വരമ്പുകളില്ലാതായിരിക്കുന്നു. ഏറ്റവുമധികം പേര്‍ ഭയപ്പെടുന്നത് കൊവിഡ് ഹൃദയാഘാതം പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നയിക്കുന്നതിനെയാണ്.

രക്തം കട്ട പിടിക്കുന്നത്…

കൊവിഡ് രോഗികളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയ്ക്കുള്ള സാധ്യതകളേറെയാണ്. ആദ്യഘട്ടത്തില്‍ തന്നെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടാം തരംഗത്തില്‍ സമാനമായ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  ഇത്തരത്തില് രക്തം കട്ട പിടിക്കുന്നത് നിസാരമായി കാണാന്‍ സാധിക്കുകയില്ല. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് രക്തം കട്ട പിടിച്ച് കിടക്കുന്നതെങ്കില്‍ അത് ഹൃദയാഘാതത്തിലേക്ക് നയിക്കാം. അതുപോലെ തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ ആണെങ്കില്‍ പക്ഷാഘാതവും സംഭവിക്കും.  കൈകാലുകളിലെ രക്തക്കുഴലുകളിലുമാവാം രക്തം കട്ട പിടിക്കുന്നത്. അങ്ങനെയെങ്കില്‍ അത് കൈകാലുകള്‍ നഷ്ടപ്പെടുത്താന്‍ വരെ ഇടയാക്കിയേക്കാം. അതിനാല്‍ തന്നെ ഏറെ ആശങ്കകളുണ്ടാക്കുന്ന കൊവിഡ് അനന്തരഫലമാണിത്.  ദില്ലി സര്‍ ഗംഗാ റാം ആശുപത്രിയിലെ വസ്‌കുലാര്‍ സര്‍ജനായ ഡോ.അംബരീഷ് സാത്വിക് ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം നോക്കൂ.

കൊവിഡ് രോഗിയുടെ കാലില്‍ നിന്നെടുത്ത കട്ട പിടിച്ച രക്തത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.  ‘കൊവിഡ് ത്രോംബോസിസ് എന്ന് പറയുന്ന അവസ്ഥയിലേക്ക് രോഗിയെ എത്തിച്ചേക്കാം. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥയാണ് ത്രോംബോസിസ്. ഏതെങ്കിലും അവയവത്തിലേക്കുള്ള രക്തപ്രവാഹമോ അവയവത്തില്‍ നിന്ന് തിരിച്ചുള്ള രക്തപ്രവാഹമോ പരിപൂര്‍ണ്ണമായി തടസപ്പെടാന്‍ വരെ ഇത് കാരണമായേക്കാം…’- ഡോ. അംബരീഷ് പറയുന്നു.  രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായി പുറത്തുവരുന്ന ‘സൈറ്റോകൈന്‍’ എന്ന പ്രോട്ടീന്‍ ആണ് രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നതെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. കൊവിഡ് രോഗിയില്‍ ആദ്യ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ വൈറസുകള്‍ പെരുകുന്ന സാഹചര്യമാണുണ്ടാകുന്നത്.  അതിന് ശേഷം ശരീരം അഥവ പ്രതിരോധ വ്യവസ്ഥ രോഗകാരിയെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ തുടങ്ങുന്നു. ഈ ഘട്ടത്തിലാണ് ‘സൈറ്റോകൈന്‍’ പുറത്തുവരുന്നത്. ഇത് ചില രോഗികളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. 

കൊവിഡ് രോഗികളിലെ ഹൃദയാഘാത സാധ്യത…

മേല്‍പ്പറഞ്ഞത് പോലെ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് പ്രധാനമായും കൊവിഡ് രോഗിയില്‍ ഹൃദയാഘാത സാധ്യതയുണ്ടാകുന്നത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.  ചെറുപ്പക്കാരും ഒരുപോലെ ഈ വെല്ലുവിളി നേരിടുന്നുണ്ട്. ഹൃദയാഘാതം പോലെ തന്നെ മറ്റൊരു സാധ്യതയുള്ളത് പക്ഷാഘാതത്തിനാണ്. ഇതും ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലേക്ക് നയിക്കാം.

ഹൃദയാഘാത ലക്ഷണങ്ങള്‍…  

കൊവിഡ് രോഗികള്‍ എപ്പോഴും തങ്ങളുടെ ആരോഗ്യാവസ്ഥ സ്വയം പരിശോധിക്കുകയും ഒരു ഡോക്ടറോട് ഇത് കൃത്യമായി അറിയിച്ചുപോരുകയും ചെയ്യേണ്ടതുണ്ട്. കൊവിഡ് രോഗികളിലെ ഹൃദയാഘാത ലക്ഷണങ്ങളെ കുറിച്ചും ചിലത് മനസിലാക്കാം.  തുടര്‍ച്ചയായി നെഞ്ചിടിപ്പ് വര്‍ധിച്ചുകൊണ്ടേയിരിക്കുക, നെഞ്ച് വേദന, നെഞ്ചിനകത്തം പിരിമുറുക്കം തോന്നുക, തല കറക്കം, തലവേദന, താടിയെല്ലിന്റെ ഭാഗങ്ങളില്‍ വേദന ഇത്തരം വിഷമതകളെല്ലാം ഹൃദയാഘാതവുമായി ബന്ധപ്പെട്ട് വരുന്നതാണ്. കൊവിഡ് രോഗികളില്‍ ഇത്തരം ഏതെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെടുക. ഡോക്ടര്‍ നിര്‍ദേശിക്കും പ്രകാരം വൈദ്യസഹായവും തേടുക.  പെട്ടെന്ന് അനുഭവപ്പെടുന്ന വേദന, തരിപ്പ്, അടിവയറ്റിലെ വേദന, മരവിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളും എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടേണ്ടതുണ്ട്. ഹൃദയത്തിലും തലച്ചോറിലും കൈകാലുകളിലും മാത്രമല്ല ശ്വാസകോശം, കരള്‍, വൃക്കകള്‍ അങ്ങനെ ശരീരത്തിലെ ഏത് അവയവത്തില്‍ വേണമെങ്കിലും രക്തം കട്ട പിടിക്കാം. അതത് അവയവത്തിന് അനുസരിച്ച് അത് രോഗിയെ ബാധിക്കാം.  കൊവിഡ് പ്രതിരോധത്തില്‍ ശക്തമായി നമുക്ക് മുന്നോട്ടുപോകാം. അതിനൊപ്പം തന്നെ രോഗം ബാധിച്ചാല്‍ ആരോഗ്യാവസ്ഥകളെ കുറിച്ച് കൃത്യമായി നിരീക്ഷിക്കണം. എപ്പോഴും ഒരു ഫോണ്‍ കോളിനപ്പുറം ഡോക്ടറുടെ സഹായം ഉറപ്പുവരുത്തുക. വീട്ടില്‍ കഴിയുന്നവരാണെങ്കില്‍ ആശുപത്രിയിലേക്ക് പോകേണ്ടി വന്നാല്‍ അതിനുള്ള സൗകര്യം ചുറ്റുപാടുകളിലുണ്ടെന്നതും എപ്പോഴും ഉറപ്പുവരുത്തുക. നന്നായി ഭക്ഷണം കഴിച്ചും, വെള്ളം കുടിച്ചും, ഉറക്കം ഉറപ്പുവരുത്തിയും, ആത്മവിശ്വാസം കൈവിടാതെ സധൈര്യം രോഗത്തെ നേരിട്ടും അതിജീവിക്കാന്‍ കൊവിഡ് രോഗികള്‍ക്ക് സാധിക്കട്ടെ.