Home അറിവ് ഒരു കോൺക്രീറ്റ് വീടിന് എത്ര ആയുസ്സുണ്ട്?

ഒരു കോൺക്രീറ്റ് വീടിന് എത്ര ആയുസ്സുണ്ട്?

വീടിന്‍റെ ഉറപ്പും തിളക്കവും കുറഞ്ഞുവരുന്നത് വീടിന് പ്രായമാകുന്നതിന്റെ അടയാളങ്ങളാണ്. ഒരു കോൺക്രീറ്റ് വീടിന്റെ ശരാശരി ആയുസ്സ് എത്രയാണെന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? ഏത് കോണ്‍ക്രീറ്റ് നിര്‍മ്മിതിയുടെയും ശരാശരി ആയുസ്സ് 75-100 വര്‍ഷമാണെന്നും ഒരു വാർപ്പ് വീടിന്റെ ശരാശരി ആയുസ്സ് 50-60 വർഷങ്ങളാണെന്നും നമ്മൾ അനുഭവത്തിൽ അറിഞ്ഞതാണ്. അപാര്‍ട്ട്മെന്‍റ് കെട്ടിടത്തെ അപേക്ഷിച്ച്‌ വീടുകളുടെ പ്രായം താരതമ്യേന കുറവാണ്.
ഒട്ടുമിക്ക കോണ്‍ക്രീറ്റ് നിര്‍മ്മാണങ്ങളുടേയും ആയുസ്സിന് കാലപരിധിയുണ്ട്. ഇതിനെ സംബന്ധിച്ച് കൃത്യമായ പഠനങ്ങള്‍ എന്തെങ്കിലും നടന്നിട്ടുണ്ടോ? കേരളത്തില്‍ ധാരാളം കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. അവയില്‍ പൂര്‍ത്തിയായ നിര്‍മ്മാണങ്ങളുടെ ശരാശരി ആയുസ്സിനെ, കാലാവധിയെ സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടോ?
കേരളത്തിലെ വരും തലമുറകള്‍ക്കെല്ലാം ആവശ്യമുള്ള, അവകാശപ്പെട്ട, പരിമിതമായ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ചുള്ള, നിര്‍മ്മാണങ്ങള്‍ തലമുറകളോളം ആയുസ്സുള്ളതാണോ? ആണെങ്കില്‍, എത്രത്തോളം?
വീടുകളുടെ ആയുസ്സിന് കാലപരിധിയുണ്ടെന്നത് ആരും ഓർക്കാനിഷ്ടപ്പെടുന്നില്ല. മോശമായി രൂപകല്‍പ്പന ചെയ്ത വീടുകളുടെ ആയുസ്സ് വളരെ കുറവായിരിക്കും. പൈപ്പ്ലൈനുകള്‍ക്ക് വേണ്ടിയും, വൈദ്യുതി കേബിളുകള്‍ വലിക്കുന്നതിനും മറ്റുമായി നാം വീടിന് ആഘാതം ഏല്‍പ്പിക്കാറുണ്ട്. ഈ ആഘാതങ്ങള്‍ വീടിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും വീടിന്റെ ആയുസ്സ് കുറയാന്‍ കാരണമാകുകയും ചെയുന്നു. ഇതുകൂടാതെ മോശമായ നിര്‍മാണ നിലവാരം, വാട്ടര്‍ പ്രൂഫിങ് , പെയിന്റ്റിംഗ്, പ്ലംബിംഗ് രീതികള്‍ എന്നിവയു൦ സമാന ഫലത്തിന് ഇടയാക്കും. ഒരു കോൺക്രീറ്റ് വീടു പൊളിച്ചാൽ പിന്നീട് ഉപയോഗിക്കാൻ പാകത്തിന് ഒന്നും തന്നെയുണ്ടാവില്ല. എന്നാൽ പണ്ടാണെങ്കിൽ ഓടും കഴുക്കോലും ഭിത്തികെട്ടാനുപയോഗിച്ച ചെങ്കല്ലും വരെ രണ്ടാമതൊരു വീടു നിർമിക്കാൻ ഉപയോഗിക്കാം. പൊതുമരാമത്ത് വകുപ്പിലെ നിർമിതികൾക്ക് 100 വർഷം ആയുസ്സ് ഉറപ്പാക്കുന്ന നിയമനിർമാണം പരിഗണനയിലെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. പക്ഷേ നിയമമായില്ല. കേരളത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ വ്യാപകമായിട്ട് ഒരുപാട് ദശാബ്ദങ്ങളൊന്നുമായിട്ടില്ല. പഴയ കെട്ടിടങ്ങൾ പലതും ഇപ്പോൾ പൊളിച്ചുതുടങ്ങിയിരിക്കുന്നു. ചിലത് താമസിക്കാൻ കൊള്ളാതെ അനാഥമായിക്കിടക്കുന്നു. മുംബൈയിൽ പഴയ കോൺക്രീറ്റ് കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചത് ഒരു പാഠമാണ്. താമസയോഗ്യമല്ലാത്ത പഴയ കെട്ടിടങ്ങൾ ഏറി വരുമ്പോൾ കേരളം മാറിച്ചിന്തിക്കുമോ? കാത്തിരുന്ന് കാണാം.