Home അറിവ് യാത്രക്കാരോട് മാന്യമായി പെരുമാറണം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യോഗക്ലാസ്

യാത്രക്കാരോട് മാന്യമായി പെരുമാറണം; സമ്മര്‍ദ്ദം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യോഗക്ലാസ്

യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് യോഗ ക്ലാസ് സംഘടിപ്പിച്ച് സര്‍ക്കാര്‍. ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുക, മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതോടൊപ്പം അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്.

രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. ഡ്രൈവര്‍മാര്‍ക്ക് മൂന്ന് ദിവസവും കണ്ടക്ടര്‍മാര്‍ക്ക് രണ്ട് ദിവസവുമാണ് പരിശീലനം. ഡ്രൈവര്‍മാര്‍ക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും. വ്യക്തിത്വവികസനം ഉള്‍പ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. മികച്ച ഡ്രൈവിങ് ഉറപ്പാക്കാന്‍ ഡ്രൈവിങ് പരിശീലകരും, റോഡ്സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും. കോവളം അനിമേഷന്‍ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലുമാണ് പരിശീലനം നടക്കുന്നത്. ആദ്യബാച്ചിലെ 350 ജീവനക്കാര്‍ക്കാണ് ഇവിടെ പരിശീലനം പുരോഗമിക്കുന്നത്.