ജൈവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായുള്ള അന്താരാഷ്ട്ര സംഘടനയായ പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് (പാന്‍) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറില്‍ പങ്കെടുക്കാനൊരുങ്ങി കാളി മൂപ്പത്തി. വെബ്മിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് അട്ടപ്പാടി സമ്പാര്‍ക്കോട്ടിലെ ആദിവാസി മൂപ്പത്തി കാളി മരുതന്‍ സംസാരിക്കുന്നത്.
കാളിമൂപ്പത്തി ഇരുള ഭാഷയില്‍ പരമ്പരാഗതമായ പഞ്ചകൃഷിയെക്കുറിച്ച് സംസാരിക്കുന്നത് ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. ഐടിഡിപിയിലെ കാര്‍ഷിക പദ്ധതിയിലെ പ്രോജക്ട് ഇംപ്ലിമെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഭരതന്‍ പി അശോക് ആണ് പരിഭാഷപ്പെടുത്തുക.
പാരമ്പര്യ കൃഷി തിരിച്ചുകൊണ്ടുവരുന്നതിനായി തണലെന്ന സന്നദ്ധ സംഘടനയുടെ സാങ്കേതികസഹായത്തോടെ തുടങ്ങിയ പദ്ധതിയിലെ അംഗമാണ് കാളിമൂപ്പത്തി. പരമ്പര്യ കൃഷികള്‍ മണ്‍മറഞ്ഞതോടെ മുപ്പതുവര്‍ഷമായി കൃഷിയില്‍ നിന്ന് മാറിനില്‍ക്കയായിരുന്നു ഇവര്‍. പട്ടികവര്‍ഗവികസന വകുപ്പിന്റെ കാര്‍ഷികപദ്ധതിയിലൂടെ മൂപ്പത്തിയെ ജൈവ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു.
റാഗി, തിന, ചോളം, ചീര, കരനെല്ല് തുടങ്ങിയ വിളകളെല്ലാം പരീക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഒരു വിളവെടുത്തു. ഊരിലെ പോഷകാഹാര പ്രശ്‌നപരിഹാരത്തിനായി ധാന്യങ്ങളെല്ലാം വിനിയോഗിക്കയും ചെയ്തു. ഈ വര്‍ഷം കാളിമൂപ്പത്തിയുടെ ജൈവ പാരമ്പര്യ കൃഷിയിലൂടെ നല്ല വിളവാണ് ലഭിച്ചിരിക്കുന്നത്.