Home ആരോഗ്യം പാഷന്‍ ഫ്രൂട്ട് വൈറ്റമിനുകളുടെ കലവറ: എന്നാല്‍ കഴിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

പാഷന്‍ ഫ്രൂട്ട് വൈറ്റമിനുകളുടെ കലവറ: എന്നാല്‍ കഴിക്കും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

മിക്ക വീടുകളിലും വളരെ സുലഭമായി കാണുന്ന പഴമാണ് പാഷന്‍ ഫ്രൂട്ട്. എന്നാല്‍ ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അത്ര ധാരണയുണ്ടാകാന്‍ സാധ്യത കുറവാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് ശരീരത്തിന് ഏറെ ഗുണകരമാണ്.

പാഷന്‍ ഫ്രൂട്ടില്‍ ജീവകം എ ഉണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടിലുണ്ട്.

പാഷന്‍ ഫ്രൂട്ട് പള്‍പ്പില്‍ ഭക്ഷ്യനാരുകള്‍ ധാരാളം ഉണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം മലബന്ധം തടയുന്നു. ഉദരരോഗങ്ങള്‍ തടയുന്നു. ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷന്‍ ഫ്രൂട്ടിലടങ്ങിയ നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഗ്ലൈസെമിക് ഇന്‍ഡക്സ് (GI) കുറഞ്ഞ ഒരു പഴമാണിത്. ഇത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയില്ല. അതുകൊണ്ടു തന്നെ പ്രമേഹരോഗികള്‍ക്കും ഈ പഴം മികച്ചതാണ്. പാഷന്‍ ഫ്രൂട്ടിന്റെ കുരുവിലടങ്ങിയ ഒരു സംയുക്തം ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തും. ഇത് പ്രമേഹം ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. piceatannol എന്ന സംയുകതം ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് 2017 ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടു.

വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പാഷന്‍ ഫ്രൂട്ട് പ്രതിരോധ ശക്തി മെച്ചപ്പെടുത്തും. ഫ്രീറാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ആന്റി ഓക്‌സിഡന്റ് കൂടിയാണ് വൈറ്റമിന്‍ സി.

ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷന്‍ഫ്രൂട്ടില്‍ ധാരാളമുണ്ട്. ഒപ്പം സോഡിയം വളരെ കുറവും ആണ്. കുരുവോടൊപ്പം പാഷന്‍ ഫ്രൂട്ട് കഴിക്കണം. ധാരാളം നാരുകള്‍ അടങ്ങിയ ഈ പഴം രക്തക്കുഴലുകളില്‍ നിന്ന് അധികമുള്ള കൊളസ്‌ട്രോളിനെ നീക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും പാഷന്‍ ഫ്രൂട്ട് സഹായിക്കും. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും അടങ്ങിയതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

പാഷന്‍ ഫ്രൂട്ടില്‍ മഗ്‌നീഷ്യം ധാരാളം ഉണ്ട്. ഇത് സ്‌ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കും.