Home ആരോഗ്യം മലബന്ധവും ചര്‍ദ്ദിയും വയറുവേദനയും സ്ഥിരമാണോ?: നിസാരമാക്കരുത്

മലബന്ധവും ചര്‍ദ്ദിയും വയറുവേദനയും സ്ഥിരമാണോ?: നിസാരമാക്കരുത്

ല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നമ്മള്‍ക്ക് ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരാറുണ്ട്. ഇവയില്‍ പലതും നമ്മള്‍ നിസാരമാക്കി തള്ളിക്കളയാറുമുണ്ട്. ഇത്തരത്തില്‍ ഇന്ന് നിസാരമായി നാം തള്ളിക്കളയുന്ന പ്രശ്നങ്ങളായിരിക്കും നാളെ വളരെ സങ്കീര്‍ണമായ ആരോഗ്യപ്രശ്നമായോ അസുഖമായോ എല്ലാം വികസിച്ചുവരുന്നത്.

അതിനാല്‍ തന്നെ ദൈനംദിന ജീവിതത്തിനിടെ അനുഭവപ്പെടുന്ന ആരോഗ്യപരമായ വിഷമതകളെല്ലാം കൃത്യമായി ശ്രദ്ധിക്കുകയും, അവയെ പരിഹരിക്കുകയും ആവശ്യമെങ്കില്‍ ചികിത്സയും പരിശോധനയും തേടുകയും വേണം.

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളാണ് ഇങ്ങനെ നിത്യജീവിതത്തില്‍ മിക്കവരെയും ഏറെ അലട്ടാറുള്ളത്. മലബന്ധം, ഗ്യാസ്, ഛര്‍ദ്ദി, വയറുവേദന എന്നിവയെല്ലാം ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.

എന്നാല്‍ മലബന്ധമോ, ഛര്‍ദ്ദിയോ, വയറുവേദനയോ ഒന്നും അത്ര പെട്ടെന്ന് നിസാരമാക്കി കളയാവുന്നതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്. മൂലക്കുരുവിന്റെ മുതല്‍ മലാശയ ക്യാന്‍സറിന്റെ വരെ ലക്ഷണങ്ങളായി ഇത്തരം വിഷമതകള്‍ വരാമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

പതിവായ മലബന്ധം, വയറുവേദന, പെട്ടെന്നുള്ള ഛര്‍ദ്ദി, മലത്തില്‍ രക്തം, പെട്ടെന്ന് വണ്ണം കുറയുന്ന അവസ്ഥ, മലം കട്ടിയില്ലാതെ നൂല് പോകുന്ന അവസ്ഥ, മലദ്വാരത്തില്‍ വേദന, എപ്പോഴും തളര്‍ച്ച എന്നീ ലക്ഷണങ്ങളെല്ലാം മലാശയത്തിലോ അതിന് സമീപത്തോ ക്യാന്‍സര്‍ ഉണ്ടാകുന്നതിന്റെ സൂചനയാകാം. ഇതുമായി വളരെയധികം സമാനതകളുള്ള ലക്ഷണങ്ങള്‍ തന്നെയാണ് മൂലക്കുരുവിനും കാണപ്പെടുന്നതത്രേ.

മൂലക്കുരുവുള്ളവരില്‍ മലത്തില്‍ രക്തം കാണുന്നത് ചുവപ്പ് നിറത്തില്‍ തന്നെയായിരിക്കും. എന്നാല്‍ അര്‍ബുദത്തിലാണെങ്കില്‍ അല്‍പം കൂടി ഇരുണ്ട നിറത്തിലായിരിക്കും മലത്തില്‍ രക്തം കാണപ്പെടുക. ശരീരത്തിന് അകത്തുനിന്നുള്ള രക്തസ്രാവമാണ് ഇത്. പതിവായി ഈ രീതിയില്‍ രക്തം നഷ്ടപ്പെടുന്നത് മൂലമാണ് അര്‍ബുദരോഗിയില്‍ ക്ഷീണം കാണപ്പെടുന്നത്. വിളര്‍ച്ചയും ഇതിനോട് അനുബന്ധമായി വരാം.

പലപ്പോഴും മൂലക്കുരുവും മലാശയ അര്‍ബുദവും തമ്മില്‍ ലക്ഷണങ്ങള്‍ വച്ച് മാറിപ്പോവുകയും അതുവഴി രോഗം നിര്‍ണയിക്കാന്‍ വൈകുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ ചില കേസുകളില്‍ മൂലക്കുരു മലാശയ അര്‍ുദത്തിലേക്ക് നയിക്കുകയും ചെയ്യാം. ഈ വിഷയം അടിസ്ഥാനപരമായി ആരോഗ്യവിദഗ്ധര്‍ക്കും ഗവേഷകര്‍ക്കുമിടയില്‍ തര്‍ക്കത്തിന് ഇടയാക്കുന്നതാണ്.

എങ്കില്‍പോലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പതിവായി കാണുന്നുവെങ്കില്‍ തീര്‍ച്ചയായും പരിശോധന ആവശ്യമാണ്. മൂലക്കുരുവുള്ളവരാണെങ്കില്‍ ഇടവേളകളില്‍ കൊളണോസ്‌കോപ്പി എന്ന പരിശോദന നടത്തേണ്ടതുണ്ട്. കുടലിലോ മലാശയത്തിന് സമീപമായോ മറ്റോ അര്‍ബുദമുണ്ടോയെന്നത് പരിശോധിക്കാന്‍ കൊളണോസ്‌കോപ്പി സഹായകമാണ്.