Home പ്രവാസം അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 24 കോടി രൂപ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 24 കോടി രൂപ

ബുദാബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24.13 കോടി രൂപ) മലയാളിക്ക് ലഭിച്ചു. കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് ആണ് വലിയ തുക നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത്. യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച സമ്മാനം മലയാളി സമൂഹത്തിന് ഒന്നടങ്കം സന്തോഷം പകര്‍ന്നു.

ജോര്‍ജ് ജേക്കബ് 20 വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയിലാണ്. യുഎഇയിലുള്ള ജോര്‍ജ് ജേക്കബ് ദുബായ് ഒമേഗ മെഡിക്കല്‍സ് മാനേജരായി ജോലി ചെയ്ത് വരികയാണ്. രണ്ട് വര്‍ഷമായി തനിച്ചും കൂട്ടുകാര്‍ ചേര്‍ന്നും ടിക്കറ്റെടുക്കാറുണ്ടായിരുന്നു. ഇത്തവണ തനിച്ചെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

തുക എന്തു ചെയ്യണമെന്ന് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് പിന്നീട് തീരുമാനിക്കും. കോടിപതിയായി എന്നു കരുതി ഈ രാജ്യം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. ഒത്തിരി ബുദ്ധിമുട്ട് അനുഭവിച്ചു വളര്‍ന്നയാളാണെന്നും അതുകൊണ്ടുതന്നെ സമ്മാനത്തില്‍നിന്ന് ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും പറഞ്ഞു.

ജോര്‍ജ് ജേക്കബിന്റെ ഭാര്യ ബിജി ജോര്‍ജ് റാഷിദ് ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. മക്കളായ ഡാലിയ ജോര്‍ജ്, ഡാനി ജോര്‍ജ് എന്നിവരോടൊപ്പം ദുബായിലാണ് ഇവര്‍ താമസിക്കുന്നത്. ജോര്‍ജിനെ കൂടാതെ 3 മലയാളികളടക്കം 5 പേര്‍ക്ക് 40,000 മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ ലഭിച്ചിട്ടുണ്ട്.