മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഫുഡ്‌ബോള്‍ താരമാണ് ഐഎം വിജയന്‍. ഗ്രൗണ്ടില്‍ എതിരാളികളെ വിറയ്പ്പിക്കുന്ന ഇദ്ദേഹത്തെ ആവേശപൂര്‍വ്വമാണ് ആരാധകര്‍ ആസ്വക്കാറുള്ളത്. ഇപ്പോഴിതാ വളരെ നേര്‍ത്ത ഒരു താരാട്ടുപാട്ട് പാടി കൊച്ചു മകളെ ഉറക്കുന്ന ഐഎം വിജയനാണ് സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്.
മൂന്നു വയസുകാരിയെ നെഞ്ചില്‍ക്കിടത്തി താരാട്ട് പാടിയുറക്കുന്ന മുത്തച്ഛനായ ഐഎം വിജയന്റെ വീഡിയോ ഇതിനോടകം തന്നെ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ തരംഗമായിക്കഴിഞ്ഞു.
‘ഉണ്ണികളേ…ഒരു കഥ പറയാം…ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം…’ എന്ന പാട്ടുപാടിയാണ് ഐഎം വിജയന്‍ കൊച്ചുമകള്‍ അഥീവയെ ഉറക്കുന്നത്. ഉറങ്ങിയ കുഞ്ഞിനെ തലോടുന്നതും ഉമ്മ വെയ്ക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. അഥീവയുടെ അമ്മ അര്‍ച്ചനയാണ് മനോഹരമായ ഈ നിമിഷം ക്യാമറയില്‍ പകര്‍ത്തിയത്.
പൊലീസ് ഉദ്യോഗസ്ഥനായ വിജയന്‍ കുറേനാളായി ജോലിത്തിരക്കിലായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലുണ്ട്. ഈ സമയത്ത് കുഞ്ഞാവ അഥീവയെ കൊഞ്ചിക്കുന്ന തിരക്കിലാണ് ഇദ്ദേഹം. അഥീവയുടെ ചിരിയും കളിയുമാണ് ഇപ്പോള്‍ വിജയന്റെ ലോകം.