Home ആരോഗ്യം കുഞ്ഞിന് മുലയൂട്ടുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കുഞ്ഞിന് മുലയൂട്ടുമ്പോള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കുഞ്ഞിന് മുലയൂട്ടുമ്പോഴും താലോലിക്കുന്ന സമയത്തും അമ്മമാര്‍ സ്മാര്‍ട്ട് ഫോണ്‍ ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വേറെ എങ്ങോട്ടും വഴി തിരിഞ്ഞു പോകാത്ത വിധത്തില്‍ അമ്മയുടെ ശ്രദ്ധയും കൊഞ്ചിക്കലും സ്പര്‍ശവും ചൂടുമൊക്കെ ശിശുവിന് ലഭിക്കണം. വളര്‍ന്നു വരുമ്പോഴുണ്ടാകേണ്ട സ്‌നേഹ ഭാവങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കും അടിത്തറ പാകുന്ന ഈ അനുഭവങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലാതാക്കുകയാണ്.

കുട്ടി മുലപ്പാല്‍ കുടിക്കും നേരം ‘അമ്മ ഒരു കയ്യില്‍ മൊബൈല്‍ ഫോണിനെ താലോലിച്ചു വര്‍ത്തമാനം പറയുകയോ വാട്‌സാപ്പ് വിഡിയോ കാണുകയോ ചെയ്താല്‍ കുട്ടിക്ക് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാതെ പോകും. മുലയൂട്ടല്‍ കുട്ടിക്കുള്ള ഭക്ഷണം നല്‍കല്‍ മാത്രമല്ല, നെഞ്ചോട് ചേര്‍ത്ത്, സ്‌നേഹവും കൂടി നല്‍കലാണ്. ഇതിലൂടെയാണ് കുഞ്ഞിന് അമ്മയോട് അടുപ്പമുണ്ടാവുക.

അമ്മയും കുഞ്ഞും കിടക്കുന്നിടത്ത് സ്മാര്‍ട്ട് ഫോണ്‍ വേണ്ടെന്നു വയ്ക്കണം. മാത്രമല്ല, കുഞ്ഞിനെ സന്തോഷിപ്പിക്കാനുള്ള കിലുക്കാം പെട്ടിയായി മൊബൈല്‍ ഫോണിനെ മാറ്റരുതെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്. ഈ പ്രായത്തില്‍ മനുഷ്യരുമായുള്ള മുഖാമുഖമുള്ള കളിയും ചിരിയും വര്‍ത്തമാനവുമാണ് വേണ്ടത്.

ശ്രദ്ധ വേണ്ട നേരങ്ങളില്‍ അത് നല്‍കാതെ മൊബൈല്‍ ലാളനയില്‍ ഏര്‍പ്പെടുന്ന അമ്മമാര്‍ അവര്‍ക്ക് തോന്നുമ്പോള്‍ ലാളിക്കാനെത്തുമ്പോള്‍ പല ശിശുക്കളും നിസ്സംഗത കാട്ടുന്നുവെന്നും പഠനം പറയുന്നു. അത് വൈകാരിക വളര്‍ച്ചയിലും സാമൂഹിക ബന്ധം ഉണ്ടാക്കാനുള്ള വൈഭവങ്ങളിലും വിള്ളലുകള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ട് കുട്ടുകളോടൊപ്പം ചെലവഴിക്കുന്ന സമയം സ്മാര്‍ട്ട് ഫോണ്‍ പ്രയോഗത്തില്‍ നിയന്ത്രണം വേണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.