Home അറിവ് മണിക്കൂറുകളോളം തുറന്ന് വെച്ച വെള്ളം കുടിക്കാമോ?; വെള്ളം കുടിയിലെ ചില നിബന്ധനകള്‍

മണിക്കൂറുകളോളം തുറന്ന് വെച്ച വെള്ളം കുടിക്കാമോ?; വെള്ളം കുടിയിലെ ചില നിബന്ധനകള്‍

മ്മുടെ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുക മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും വെള്ളം ആവശ്യമാണ്. വെള്ളം കുടിയുമായി ബന്ധപ്പെട്ട ചെറിയ കാര്യങ്ങള്‍ പോലും നമ്മുടെ ആരോഗ്യത്തില്‍ വലിയ ചലനങ്ങള്‍ ചെലുത്താന്‍ കഴിയുന്നവയാണ്. വെള്ളം എത്ര നേരം ഗ്ലാസില്‍ വച്ചിരിക്കുന്നു, എങ്ങനെ കുടിക്കുന്നു, എത്രത്തോളം കുടിക്കുന്നു എന്നതെല്ലാം സുപ്രധാനമായ സംഗതികളാണ്.

സന്ധികള്‍ക്ക് ആവശ്യമായ അയവ് നല്‍കാനും അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുമെല്ലാം കുടിവെള്ളം സഹായിക്കുന്നു. ആരോഗ്യകരമായ ജീവിതത്തിന് ജലത്തിന് നിരവധി റോളുകള്‍ വഹിക്കാനുണ്ടെന്ന് ചുരുക്കം. അതിനാല്‍ തെറ്റായ രീതിയില്‍ വെള്ളം കുടിക്കുന്നത് അത് മൂലമുള്ള ഗുണങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാകാം.

വെള്ളം കുടിയുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം
ദീര്‍ഘനേരം തുറന്ന് വച്ച വെള്ളം കുടിക്കരുത്
രാത്രിയില്‍ പാത്രത്തില്‍ എടുത്ത് തുറന്ന് വച്ചിരിക്കുന്ന വെള്ളം പിറ്റേന്ന് രാവിലെ എടുത്ത് കുടിക്കമ്പോള്‍ ചെറിയ രുചി വ്യത്യാസം അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് മൂലമാണെന്ന് മനസ്സിലാക്കണം.

12 മണിക്കൂറോളം വെള്ളം തുറന്ന് വച്ചാല്‍ ഇതിന്റെ തന്മാത്രകളില്‍ ചില മാറ്റങ്ങളൊക്കെ വരാം. വായുവിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് വെള്ളവുമായി കൂടിക്കലര്‍ന്ന് അതിന്റെ പിഎച്ച് തോത് കുറച്ച് രുചിയില്‍ മാറ്റമുണ്ടാക്കാം. ഈ വെള്ളം കുടിക്കാന്‍ സുരക്ഷിതമല്ല എന്ന് അതിനര്‍ഥമില്ല. ആറു മാസം വരെയൊക്കെ കാലാവധിയുള്ളതാണ് ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന്. പക്ഷേ, തുറന്ന് വച്ച വെള്ളം കുടിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മാത്രമല്ല അതിന്റെ മേല്‍ പാളിയില്‍ അടിയുന്ന പൊടിയും മാലിന്യങ്ങളും കൂടി നമ്മുടെ ഉള്ളിലെത്താന്‍ കാരണമാകും.

കുപ്പിയില്‍ നിന്ന് വായ മുട്ടിച്ച് കുടിക്കുന്നത്
കുപ്പിയില്‍ വായ മുട്ടിച്ച് വെള്ളം കുടിച്ച് കഴിഞ്ഞ് ശേഷിക്കുന്ന വെള്ളം നാം കുപ്പിയില്‍ തന്നെ വയ്ക്കാറുണ്ട്. ചിലര്‍ കാറിനുള്ളിലൊക്കെ ഇത്തരം വെള്ളകുപ്പികള്‍ വച്ചിട്ട് പോകും. ഇതും അപകടകരമാണ്. കുപ്പിയില്‍ നാം വായ മുട്ടിക്കുമ്പോള്‍ നമ്മുടെ ചുണ്ടിലെയും വായിലെയും നിര്‍ജീവ കോശങ്ങളും പൊടിയും വിയര്‍പ്പുമെല്ലാം കുപ്പിക്കുള്ളില്‍ എത്തും. ഉമിനീരിലെ ലക്ഷണക്കണക്കിന് ബാക്ടീരിയയും കുപ്പിയിലെ വെള്ളത്തില്‍ കലരും. ഈ വെള്ളം കുറച്ച് നേരം വച്ചു കഴിഞ്ഞാല്‍, പ്രത്യേകിച്ചും കാറിന്റെയുള്ളിലെ ചൂട് താപനിലയില്‍ വച്ചു കഴിഞ്ഞാല്‍, അവയില്‍ ബാക്ടീരിയ വളരാന്‍ ആരംഭിക്കും. ഇത് പിന്നീട് കുടിക്കുന്നത് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കാം.

വായ മുട്ടിച്ച് കുടിക്കുന്ന കുപ്പി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും അപകടമാണ്.
ടാപ്പില്‍ നിന്നോ ഫില്‍റ്ററില്‍ നിന്നോ വെള്ളം ആവശ്യമുള്ളപ്പോള്‍ പകര്‍ന്നു കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഉറങ്ങാന്‍ കിടക്കുമ്പോ സമീപത്ത് കുപ്പി വച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നു നേരിട്ട് കുടിക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നു കുടിക്കണം. ഇതിനായി മൂടി വച്ച ഗ്ലാസ് അരികില്‍ സൂക്ഷിക്കാം. രാത്രിയില്‍ എടുത്ത് വച്ച വെള്ളം രാവിലെ കുടിക്കാതിരിക്കാനും കുപ്പിയിലെ വെള്ളം ദിവസവും മാറ്റാനും ശ്രദ്ധിക്കണം. കാറില്‍ കുപ്പിയിലാക്കി വച്ചിരിക്കുന്ന വെള്ളവും ദിവസവും മാറ്റണം.