Home അറിവ് യാത്ര പോകാനിഷ്ടമാണോ?; എന്നാലിതാ കുറച്ച് ട്രാവല്‍ ടിപ്‌സ്

യാത്ര പോകാനിഷ്ടമാണോ?; എന്നാലിതാ കുറച്ച് ട്രാവല്‍ ടിപ്‌സ്

കുടുംബത്തോടൊപ്പം ആണെങ്കിലും തനിച്ചാണെങ്കിലും എല്ലാം അവധിയാഘോഷിക്കാന്‍ ( Holiday Trip ) ദൂരയാത്ര പോകുമ്പോള്‍ ഭക്ഷണകാര്യങ്ങള്‍ ചിലര്‍ക്ക് വലിയ പ്രശ്നമാകാറുണ്ട്. യാത്രകളില്‍ കയ്യില്‍ കിട്ടുന്നതെന്തും കഴിക്കുകയും പിന്നീട് വയറ് കേടായി യാത്ര ആസ്വദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നതുമെല്ലാം സാധാരണമാണ്.

എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള സാഹചര്യങ്ങളൊഴിവാക്കാന്‍ നമുക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെയും വരാം. അതായത്, വിശന്നിരിക്കുമ്പോള്‍ ലഭ്യമാകുന്ന ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതരാകുന്ന അവസ്ഥ.

ശരിയായ വിധത്തിലുള്ള മുന്നൊരുക്കങ്ങളില്ലാത്തതിനാലാണ് ഈ പ്രശ്നം വരുന്നത്. യാത്രയില്‍ കഴിക്കാനുള്ള ‘സ്നാക്സ്’ നമുക്ക് നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കാവുന്നതാണ്. ഇത്തരത്തില്‍ കയ്യില്‍ കരുതാവുന്ന ചില ‘സ്നാക്സ്’ ആണിനി പട്ടികപ്പെടുത്തുന്നത്.

നട്ട്സും സീഡ്സും യാത്രകളില്‍ കരുതാവുന്ന നല്ല ‘സ്നാക്ക്’ ആണ്. ബദാം, വാള്‍നട്ട്സ്, അണ്ടിപ്പരിപ്പ്, പൈന്‍ നട്ട്സ് എന്നിവയെല്ലാം മിക്സ് ചെയ്ത് സൂക്ഷിക്കാം. അതുപോലെ വിവിധ സീഡുകളും കയ്യില്‍ കരുതാം. പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ നട്ട്സും സീഡ്സും വിശപ്പകറ്റുകയും ന്മേഷം പകരുകയും ചെയ്യും. ഇവ മതിയായ അളവിലാണ് കഴിക്കുന്നതെങ്കില്‍ വയറ് കേടാകുമെന്ന പേടിയും വേണ്ട.

പോപ്കോണും യാത്രകളില്‍ സുരക്ഷിതമായ ഭക്ഷണമാണ്. എന്നാല്‍ ബട്ടറോ മറ്റ് ഫ്ളേവറുകളോ ചേര്‍ത്ത പോപ്കോണ്‍ കഴിക്കരുത്. ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പോപ്കോണ്‍. മഖാനയാണ് യാത്രകളില്‍ കഴിക്കാവുന്ന മറ്റൊരു ‘സ്നാക്ക്’. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നൊരു ഭക്ഷണം കൂടിയാണിത്.

കപ്പലണ്ടിയും യാത്രകളില്‍ കഴിക്കാന്‍ നല്ലതാണ്. പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ നല്ലൊര സ്രോതസാണ് കപ്പലണ്ടി. വിശപ്പകറ്റാനും ഏറെ നേരത്തേക്ക് ഉന്മേഷം നിലനിര്‍ത്താനും സഹായിക്കുന്നൊരു ഭക്ഷണം കൂടിയാണിത്.

പഴങ്ങളും യാത്രകളില്‍ കഴിക്കാന്‍ സുരക്ഷിതമായ ഭക്ഷണമാണ്. ഇത് കയ്യില്‍ കരുതുന്നതിന് പകരം അതത് സ്ഥലങ്ങളില്‍ ചെന്ന് അവിടത്തെ സീസണല്‍ പഴങ്ങള്‍ തന്നെ വാങ്ങി കഴിക്കാം. ദഹനം സുഗമമാക്കാനും, വയറിനകത്തെ അസ്വസ്ഥതകളൊഴിവാക്കാനും ഫ്രൂട്ട് ഡയറ്റ് സഹായിക്കുന്നു.

ഫ്രഷ് ചീസ്, അതുപോലെ പനീര്‍ എന്നിവയും മിതമായ രീതിയില്‍ യാത്രകളില്‍ കഴിക്കാം. ഇതും മിക്കവാറും എല്ലായിടങ്ങളിലും ലഭ്യമാണ്. എന്നാല്‍ സ്പൈസിയായ ഭക്ഷണങ്ങള്‍, കറികള്‍ എന്നിവ യാത്രകളില്‍ ഒഴിവാക്കുന്നതാണ് ഉചിതം.

എല്ലായിടത്തും ലഭ്യമായൊരു ഭക്ഷണമാണ് മുട്ട. ബോയില്‍ഡ് എഗും രണ്ട് കഷ്ണം മള്‍ട്ടിഗ്രെയിന്‍ ബ്രെഡും കഴിച്ചാല്‍ തന്നെ അടുത്ത ഏതാനും മണിക്കൂര്‍ നേരത്തേക്ക് വിശപ്പിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടി വരില്ല. മുട്ട വിഭവങ്ങള്‍ യാത്രയില്‍ ഒഴിവാക്കുന്നതാണ് നല്ലത്. പുഴുങ്ങിയ മുട്ട കഴിക്കുന്നത് തന്നെയാണ് അഭികാമ്യം. കൊഴുപ്പിന്റെ പ്രശ്നമുള്ളവര്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കുകയും വേണം.

കട്ടത്തൈരും യാത്രകളില്‍ കഴിക്കാന്‍ നല്ലതാണ്. ഇത് പാക്കേജ്ഡ് ആയതോ, മറിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കിയതോ ആകാം. യാത്രക്കിടയില്‍ നേരിടാന്‍ സാധ്യതയുള്ള ദഹനപ്രശ്നങ്ങളെ ചെറുക്കുന്നതിനാണ് പ്രധാനമായും ഇത് പ്രയോജനപ്പെടുക.