Home നാട്ടുവാർത്ത ഉള്ളിയ്ക്ക് കിലോ 1 രൂപ… ഇനിയും വില കുറയ്ക്കാനാകില്ല

ഉള്ളിയ്ക്ക് കിലോ 1 രൂപ… ഇനിയും വില കുറയ്ക്കാനാകില്ല

മാസങ്ങള്‍ക്ക് മുന്‍പ് പച്ചക്കറികളുടെ കൂട്ടത്തില്‍ പൊന്നിന്‍ വില കൊടുത്ത് വാങ്ങേണ്ട ഐറ്റമായിരുന്നു ഉള്ളി. കിലോയ്ക്ക് 200 രൂപയക്ക് മുകളില്‍ വില. ഉല്‍പാദനക്കുറവും കൃഷി നശിച്ചതും കാരണം വില കുത്തനെ ഉയരുകയായിരുന്നു. ഉള്ളിയുടെ ഡിമാന്റ് വര്‍ധിച്ചതോടെ തുര്‍ക്കിയില്‍ നിന്നും ഉള്ളി ഇറക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നേരെ വിപരീതമാണ്.

മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉള്ളി വേഗത്തില്‍ വിളവെടുപ്പ് നടത്തുകയായിരുന്നു കര്‍ഷകര്‍. എന്നാല്‍ ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ കിലോയ്ക്ക് 1 രൂപയാണ് ഇന്നത്തെ വില. ചെറിയ ഉള്ളിയ്ക്ക് കിലോയ്ക്ക് 1 രൂപ മുതല്‍ 4 രൂപ വരെയും സവാളയ്ക്ക് 8 രൂപ മുതല്‍ 10 രൂപ വരെയുമാണ് വില.

ഉള്ളിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ചില്ലറ വ്യാപാരികള്‍ ഉപഭോക്താകള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നില്ല എന്നും പരാതിയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് കൃഷി വ്യാപകമായി നശിക്കാന്‍ തുടങ്ങി. ഇതിനാലാണ് വേഗത്തില്‍ വിളവെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. കൂടുതല്‍ നാളുകള്‍ സംഭരിച്ച് വെയ്ക്കാന്‍ കഴിയാത്തതിനാല്‍ മൊത്ത വ്യാപാരികള്‍ ഉള്ളി വാങ്ങി സംഭരിക്കാനും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് വില കുത്തനെ ഇടിഞ്ഞത്.

അനുകൂലമായ കാലാവസ്ഥയായിരുന്നുവെങ്കില്‍ ഇനിയും കാലതാമസം വരും വിളവെടുപ്പ് നടത്താന്‍. ഇനിയും വില കുറച്ച് വില്‍ക്കുന്നതിനും നല്ലത് എല്ലാം കൃഷിയിടങ്ങളില്‍ തന്നെ നശിച്ച് പോകുന്നതാണ് എന്ന് കര്‍ഷകര്‍ പറയുന്നു. ഒരു വര്‍ഷത്തിന്റെ അധ്വാനത്തിന്റെ ഫലമാണ് കിലോയ്ക്ക് വെറും 1 രൂപയായി വില്‍ക്കുന്നത്. മുടക്കിയ മുതലിന്റെ ഒരു ശതമാനം പോലും ഇതിലുടെ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.