Home അറിവ് റോഡിൽ നിയമലംഘനം നടത്തിയാൽ ഇനി സ്പോട്ടിൽ ലൈസൻസ് റദ്ദ് ആകും

റോഡിൽ നിയമലംഘനം നടത്തിയാൽ ഇനി സ്പോട്ടിൽ ലൈസൻസ് റദ്ദ് ആകും

റോഡിൽ നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികൾ പൂർത്തിയാകാൻ ഇനി താമസമുണ്ടാകില്ല. നിയമലംഘനം നടത്തിയയാളുടെ വാദംകേട്ട അന്നുതന്നെ ലൈസൻസ് റദ്ദാക്കി ഉത്തരവിറക്കാൻ ആർ.ടി.ഒ.മാർക്കും ജോയന്റ് ആർ.ടി.ഒ.മാർക്കും മോട്ടോർവാഹന വകുപ്പിന്റെ നിർദേശം.

മരണത്തിനോ ഗുരുതര പരിക്കിനോ കാരണമായ അപകടങ്ങൾ ഉണ്ടാക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, വാഹനമോടിക്കുന്നതിനിടെ മറ്റെന്തെങ്കിലും പ്രവർത്തിയിലേർപ്പെടൽ തുടങ്ങി 25-തരം നിയമലംഘനങ്ങൾക്കാണ് ലൈസൻസ് റദ്ദാക്കുക.

ലൈസൻസ് താത്കാലികമായി റദ്ദാക്കാവുന്ന കുറ്റം ചെയ്തയാൾക്ക് റദ്ദാക്കിയ ഉത്തരവ് ലഭിക്കാൻ താമസമെടുക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നിർദേശം.പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ ലൈസൻസ് റദ്ദാക്കാൻ ശുപാർശചെയ്താൽ അന്തിമ നടപടിയെടുക്കുന്നത് ആർ.ടി.ഒ.യോ ജോയന്റ് ആർ.ടി.ഒ.യോ ആണ്. ഇവർ നടപടിക്ക് ശുപാർശ ചെയ്യപ്പെട്ടയാളുടെ വാദം കേൾക്കും. വാദം തൃപ്തികരമല്ലെങ്കിലാണ് ലൈസൻസ് റദ്ദാക്കാൻ ഉത്തരവിറക്കുക. ഈ നടപടിയാണ് വാദംകേട്ട അന്നുതന്നെ നടപ്പാക്കുന്നത്.ഒരുമാസംമുതൽ ആജീവനാന്തം ലൈസൻസ് റദ്ദാക്കാൻ വരെ മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം കഴിയും. പലയിടങ്ങളിലും ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവ് ലഭിച്ചപ്പോഴേക്കും ശിക്ഷയുടെ കാലയളവ് പൂർത്തിയായ സംഭവങ്ങളുണ്ടായിരുന്നു.ഉത്തരവ് ലഭിക്കാത്തതിനാൽ ശിക്ഷാ കാലാവധി ലൈസൻസ് ഉടമയെ ബാധിക്കാത്ത സ്ഥിതിയുമുണ്ടായി. ഇത് ഒഴിവാക്കാനാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയാണെങ്കിൽ വാദംകേട്ട അന്നുതന്നെ ഉത്തരവുനൽകാൻ തീരുമാനിച്ചത്. ഉത്തരവ് ഫോൺ വഴിയോ എസ്.എം.എസ്. വഴിയോ ലൈസൻസ് ഉടമയെ അറിയിക്കണം. ഒപ്പം തൊട്ടടുത്ത പ്രവർത്തിദിവസം ഉത്തരവിന്റെ പകർപ്പ് തപാൽമാർഗം അയക്കണമെന്നുമാണ് നിർദേശം.