Home ആരോഗ്യം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അവഗണിക്കരുത്; കൃത്യമായ പരിചരണം ആവശ്യമാണ്

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അവഗണിക്കരുത്; കൃത്യമായ പരിചരണം ആവശ്യമാണ്

പ്രസവശേഷം ആദ്യ ദിനങ്ങള്‍ പൊതുവെ സ്ത്രീകളില്‍ ചെറിയ തോതില്‍ വിഷാദം അനുഭവപ്പെടുന്ന ബേബി ബ്ലൂ എന്ന അവസ്ഥ സാധാരണമാണ് എങ്കിലും ഇന്ന് പല സ്ത്രീകളിലും അതിലും തീവ്രതയേറിയ വിഷാദരോഗാവസ്ഥ കണ്ടു വരുന്നു.

കുഞ്ഞുമായി വൈകാരിക അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടു നേരിടുക, അകാരണമായ സങ്കടം അനുഭവപ്പെടുക, വല്ലാതെ ദേഷ്യം വരിക, ഒരു കാര്യത്തോടും താല്പര്യം ഇല്ലാതാവുക, സ്വയം വിലയില്ലായ്മ, പ്രതീക്ഷയില്ലായ്മ, നിസ്സഹായാവസ്ഥ അനുഭവപ്പെടുക, ശ്രദ്ധക്കുറവ്, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, മരിക്കണം എന്ന ചിന്ത, കുഞ്ഞിനെയോ മറ്റാരെയെങ്കിലുമോ ഉപദ്രവിക്കാനുള്ള ചിന്ത എന്നിവ പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനില്‍ കണ്ടുവരുന്നു.

ഭര്‍ത്താവില്‍ നിന്നും സപ്പോര്‍ട് ഇല്ലാതെ വരിക, കുട്ടിയെ പരിപാലിക്കുന്ന കാര്യത്തില്‍ കുടുംബത്തിന്റെ ഭാഗത്തുനിന്നും വളരെ കര്‍ശനമായ നിയമങ്ങള്‍ മുന്നോട്ടു വെക്കുക, കുഞ്ഞിനെ വളര്‍ത്തുന്ന കാര്യത്തില്‍ കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരിക, കുഞ്ഞിനെ എങ്ങനെ പരിപാലിക്കണം എന്ന അറിവില്ലായ്മ, സഹായത്തിന് ആരും ഇല്ലാതെ വരിക, മുന്‍പ് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ നേരിടുക, വ്യക്തിത്വത്തിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ പല സാമൂഹിക കാരണങ്ങളാലും പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനു കാരണമാകാം.

ചെയ്യേണ്ടി വരുന്ന ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്തുതീര്‍ക്കാന്‍ ഡിപ്രെഷന്‍ ഉള്ളപ്പോള്‍ കഴിയാതെ വരും. മനസ്സിന് ധൈര്യവും ബലവും വീണ്ടെടുക്കാന്‍ ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് വീട്ടിലുള്ള മറ്റഗംങ്ങള്‍ പ്രത്യേകിച്ചു ഭര്‍ത്താവ് ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് വലിയ ദോഷം ചെയ്യും.

ഇനി ഒരു നിമിഷം പോലും കുഞ്ഞിനെ നോക്കാനോ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനോ കഴിയില്ല എന്ന നിലയില്‍ മനസ്സു പൂര്‍ണ്ണമായും മടുത്തുപോകുന്ന അവസ്ഥ അതുണ്ടാക്കും. കുഞ്ഞിന്റെ കരച്ചില്‍ അസഹനീയമായി തോന്നി കുഞ്ഞിനെ കൊന്നുകളയാന്‍ തന്നെ തോന്നിപ്പോയി എന്നു പറഞ്ഞു കരയുന്ന അമ്മമാര്‍ ഉണ്ട്. അതുകൊണ്ടുതന്നെ പ്രസവനന്തരമുള്ള ഡിപ്രെഷന്‍ നിസ്സാരമായി കണക്കാക്കാന്‍ കഴിയില്ല.

ഇന്നു പ്രസവശേഷമുള്ള ഡിപ്രെഷന്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതു ചികിത്സിക്കാതെ പോകുന്നത് ദോഷം ചെയ്യും. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ അമ്മ നല്‍കേണ്ടതായ കരുതല്‍ കൊടുക്കാനാവാത്ത അവസ്ഥ ഉണ്ടാകാന്‍ അത് കാരണമാകും.