Home അറിവ് കാലിത്തീറ്റയില്‍ മായം ചേര്‍ത്താല്‍ പണികിട്ടും; ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും

കാലിത്തീറ്റയില്‍ മായം ചേര്‍ത്താല്‍ പണികിട്ടും; ഒരു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും

കാലിത്തീറ്റയിലോ കോഴിത്തീറ്റയിലോ മായം ചേര്‍ക്കുന്നത് 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ആദ്യ ഘട്ടത്തില്‍ 6 മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും, കാല്‍ ലക്ഷം മുതല്‍ അര ലക്ഷം വരെ പിഴയായി ഈടാക്കും.

കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് റദ്ദാക്കും. 2 ലക്ഷം രൂപ വരെ പിഴയും ചുമത്തും. തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിച്ചാലാണ് 6 മാസം മുതല്‍ 1 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കുക. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുകള്‍ സംയുക്തമായി തയാറാക്കിയ, കേരള കന്നുകാലി-കോഴിത്തീറ്റ ധാതുലവണ മിശ്രിതം ഉല്‍പാദനം സംഭരണം വിതരണം വില്‍പന ഓര്‍ഡിനന്‍സിലാണ് ഈ വ്യവസ്ഥകള്‍. ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കാലിത്തീറ്റ-കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിയമനിര്‍മാണം. ഇനി മുതല്‍ കാലിത്തീറ്റ-കോഴിത്തീറ്റ ധാതുലവണ മിശ്രിതങ്ങള്‍ എന്നിവയുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് ലൈസന്‍സ് ആവശ്യമാണ്. 3 വര്‍ഷത്തേക്കാണ് ലൈസന്‍സ്. ലൈസന്‍സ് നല്‍കുന്നതിനായി ഒരു ലൈസന്‍സിങ് അതോറിറ്റിയും അതോറിറ്റിയുടെ കീഴില്‍ ഫീഡ് സേഫ്റ്റി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍, ഫീഡ് സേഫ്റ്റി അഷ്വറന്‍സ് ഓഫീസര്‍ എന്നിവരും ഉണ്ടാകും