Home അറിവ് രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് മുന്നറിയിപ്പ്; കോവിഡ് രണ്ടാം തരംഗ ആശങ്കയില്‍ സംസ്ഥാനം

രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് മുന്നറിയിപ്പ്; കോവിഡ് രണ്ടാം തരംഗ ആശങ്കയില്‍ സംസ്ഥാനം

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളില്‍ പോയേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുമെന്ന് ആശങ്കയുണ്ട്.

ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4553 പേര്‍ക്കാണ്. ഇന്നലെ 6.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ച് ശതമാനത്തിന് മുകളില്‍ പോകുന്നത് രോഗവ്യാപനം കൂടുന്നതിന്റെ ലക്ഷണമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ പ്രതിരോധം പരമാവധി കടുപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഉടന്‍ പരിശോധന നടത്തണം. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ആര്‍ടിപിസിആര്‍ പരിശോധനയും നടത്തണം. ആശുപത്രികളില്‍ കോവിഡ് ചികില്‍സാ സൗകര്യങ്ങള്‍ കൂടുതല്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രോഗവ്യാപനം കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.