Home അറിവ് കൊറോണ വകഭേദങ്ങള്‍ വിട്ടൊഴിയുന്നില്ല; വിനോദസഞ്ചാരമേഖല പഴയത് പോലെയാകാന്‍ 2024 എങ്കിലും കഴിയണം

കൊറോണ വകഭേദങ്ങള്‍ വിട്ടൊഴിയുന്നില്ല; വിനോദസഞ്ചാരമേഖല പഴയത് പോലെയാകാന്‍ 2024 എങ്കിലും കഴിയണം

Closeup of girl holding passports and boarding pass at airport

ലോകം മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടുന്നില്ല. സകല മേഖലകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ, 2024 വരെ ലോക ടൂറിസം മേഖല കൊവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്ന ആ അവസ്ഥയിലേക്ക് തിരികെ പോകില്ല എന്ന് വ്യക്തമാക്കുകയാണ് ലോക വിനോദസഞ്ചാര സംഘടന(World Tourism Organization).

കൊറോണ വൈറസ് പിടിമുറുക്കാന്‍ തുടങ്ങിയതോടെ തന്നെ ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിടുന്ന അവസ്ഥയിലെത്തിയിരുന്നു. അതോടെ, ടൂറിസം വരുമാനം 2020 -ല്‍ കുറഞ്ഞത് 72 ശതമാനമാണ്.

ഓരോ രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയില്‍ വലിയ പങ്ക് വഹിക്കുന്ന ടൂറിസം മേഖലയിലെ ഈ അവസ്ഥ അതുകൊണ്ട് തന്നെ പല രാജ്യങ്ങളെയും ബാധിച്ചു. ഒരുപക്ഷേ, ഏറ്റവുധികം ബാധിച്ച മേഖലയും ഇതാവണം. യാത്രകള്‍ക്ക് നിയന്ത്രണം വന്നതും ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. കനത്ത സാമ്പത്തിക നഷ്ടത്തിനും തൊഴില്‍ നഷ്ടത്തിനും ഇത് കാരണമായിത്തീരുകയും ചെയ്തു.

യാത്രയ്ക്കുള്ള വിവിധ നിയന്ത്രണങ്ങള്‍, യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്കുണ്ടാകുന്ന ആശങ്ക, വാക്‌സിനേഷന്‍ നിരക്ക് ഇവയെല്ലാം ടൂറിസം മേഖലയുടെ പതിയെയുള്ള സഞ്ചാരത്തിന് കാരണമായിത്തീരുന്നു എന്ന് വിനോദസഞ്ചാരസംഘടനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

എന്നാല്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ വരവ് 2020 -നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 19 ശതമാനവും 17 ശതമാനവും കൂടിയിരുന്നു. എന്നാല്‍, മിഡില്‍ ഈസ്റ്റില്‍, 2021-ല്‍ സന്ദര്‍ശകരുടെ വരവില്‍ 24 ശതമാനം കുറവുണ്ടായി. അതോടൊപ്പം തന്നെ ഏഷ്യ – പസഫിക് മേഖലയിലും 2020 -ലേതിനേക്കാള്‍ 65 ശതമാനം കുറവാണ് സഞ്ചാരികളുടെ വരവിലുണ്ടായത്.

കോവിഡിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഇത് 94 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. എന്നാല്‍, വിനോദസഞ്ചാര മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയുണ്ടാകും എന്നാണ് കരുതുന്നത്. എങ്കിലും കോവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ടൂറിസം മേഖല ആ അവസ്ഥയിലേക്ക് തിരികെ വരാന്‍ 2024 വരെയെങ്കിലും സമയമെടുക്കും എന്നാണ് ലോക വിനോദസഞ്ചാര സംഘടന സൂചിപ്പിക്കുന്നത്.