Home ആരോഗ്യം കോവിഡ് നിരക്ക് ഉയരുന്നു; വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍

കോവിഡ് നിരക്ക് ഉയരുന്നു; വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് കൂടുതല്‍ കോവിഡ് ബാധിക്കുന്നത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴുദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.

കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ 4500ന് മുകളിലാണ് പ്രതിദിന കോവിഡ് ബാധിതര്‍. ടിപിആറും ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള മാര്‍ഗരേഖ പുതുക്കിയത്. വിദേശത്ത് നിന്ന് എത്തുന്ന എല്ലാവരും ഏഴു ദിവസത്തെ ക്വാറന്റൈനിന് ശേഷം എട്ടാംദിവസം ആര്‍ടി- പിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് നെഗറ്റീവാണെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

നേരത്തെ ഒമൈക്രോണ്‍ കേസുകളുടെ പശ്ചാത്തലത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു ഈ നിബന്ധന. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്.