Home ആരോഗ്യം ദിവസവും ഈത്തപ്പഴം കഴിക്കാം; ഗുണങ്ങളിവയാണ്

ദിവസവും ഈത്തപ്പഴം കഴിക്കാം; ഗുണങ്ങളിവയാണ്

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് ഈന്തപ്പഴം. ഇത് നന്നായി ഉറങ്ങാനും രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് ഉയര്‍ത്താനും സഹായിക്കും. ദിവസവും ഒരു പിടി ഈന്തപ്പഴം കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കും. അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ചെമ്പ്, മഗ്‌നീഷ്യം എന്നിവയുടെ കലവറയാണ് ഈന്തപ്പഴം.

ദഹനവ്യവസ്ഥയെ സുഗമമായി നിലനിര്‍ത്താന്‍ ഈന്തപ്പഴത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളും ഉണ്ട്. കാല്‍സ്യം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പൊട്ടാസ്യം, ഫോസ്ഫറസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി ഫിറ്റ്‌നസ് ആന്‍ഡ് ന്യൂട്രീഷണല്‍ സയന്റിസ്റ്റായ ഡോ. സിദ്ധാന്ത് ഭാര്‍ഗവ പറഞ്ഞു.

ഈന്തപ്പഴം കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. രാവിലെയും വൈകുന്നേരവും ലഘുഭക്ഷണമായ ഈന്തപ്പഴം കഴിക്കാം. ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് ഈന്തപ്പഴം.

ഇരുമ്പിന്റെ കുറവ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, പ്രതിരോധശേഷി കുറയല്‍, മുടികൊഴിച്ചില്‍, വിളറിയ ചര്‍മ്മം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇരുമ്പ് സമ്പുഷ്ടമായ ഈന്തപ്പഴം ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തുകയും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഗര്‍ഭിണികളായ അമ്മമാര്‍ക്ക് ഈന്തപ്പഴം കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്.