Home ആരോഗ്യം 70 ദിവസം കഴിഞ്ഞാലും കോവിഡ് പകരാന്‍ സാധ്യത; ഏഴ് ദിവസത്തെ ക്വാറന്റീന്‍ സുരക്ഷിതമല്ലെന്ന് പഠനറിപ്പോര്‍ട്ട്

70 ദിവസം കഴിഞ്ഞാലും കോവിഡ് പകരാന്‍ സാധ്യത; ഏഴ് ദിവസത്തെ ക്വാറന്റീന്‍ സുരക്ഷിതമല്ലെന്ന് പഠനറിപ്പോര്‍ട്ട്

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. അണുബാധയുടെ അവസാനഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഫ്രോണ്ടിയേഴ്സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 38 ബ്രസീലിയന്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ആര്‍ടി- പിസിആര്‍ പരിശോധനയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വരെ നെഗറ്റീവായവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അപകടസാധ്യത മുന്നറിയിപ്പ് നല്‍കുന്നത്.

ക്വാറന്റൈന്‍ പീരിഡ് കഴിഞ്ഞിട്ടും ഇവരില്‍ നിന്ന് രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. 38 കേസുകളില്‍ രണ്ടു പുരുഷന്മാരിലും ഒരു സ്ത്രീയിലും അസാധാരണ മാറ്റങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ 70 ദിവസത്തിനപ്പുറവും വൈറസ് സാന്നിധ്യം കണ്ടെത്തി. രണ്ടുമാസം കഴിഞ്ഞാലും കോവിഡ് ബാധിതരില്‍ എട്ടുശതമാനം ആളുകളില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

അണുബാധയുടെ അന്തിമ ഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും രോഗ സാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ക്വാറന്റൈന്‍ പരിധി ഏഴുദിവസമായോ പത്തുദിവസമായോ 14 ദിവസമായോ കുറയ്ക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.