Home വാഹനം വാടകയ്ക്ക് നല്‍കിയ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് എങ്ങനെ?

വാടകയ്ക്ക് നല്‍കിയ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് എങ്ങനെ?

വിവിധ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് വലിയ ബിസിനസാണ്. വലിയ സ്ഥാപനങ്ങളെല്ലാം ഇങ്ങനെ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വ്യക്തികളും ഈ സാധ്യത വ്യാപകമായി പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെ വാടകയ്ക്ക് നല്‍കപ്പെട്ട വാഹനം അപകടത്തില്‍ പെട്ടാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുന്‍സ് നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ടോ എന്ന കാര്യം വലിയ സംശയമാണ്. എന്നാല്‍ ഈ ചോദ്യത്തിന് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുകയാണ്.

റജിസ്ട്രേഡ് ഉടമ വാഹനം വാടകയ്ക്ക് നല്‍കി എന്നതുകൊണ്ട് മാത്രം തേര്‍ഡ് പാര്‍ട്ടി ക്ലെയിം മരവിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അവകാശമില്ല. അപകടം നടക്കുന്ന പക്ഷം ഇതിന്റെ ഉത്തരവാദിത്വം വാടകയ്ക്കെടുത്ത ആളുടെ തലയില്‍ കെട്ടിവയ്ക്കാനുമാവില്ല- ജസ്റ്റിസ് അബ്ദുള്ള നസീര്‍, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.

ഇങ്ങനെ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പോളിസിയും അതിന്റെ ഭാഗമാണ്. ഇത് കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കുമ്പോള്‍ വാടകക്കാരനാണ് വാഹനത്തിന്റെ താത്കാലിക ഉടമ. അതുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതിയില്‍ നിന്ന് ഒഴിയാനാവില്ല-വിധിയില്‍ കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വാടകയ്ക്കെടുത്ത ബസ് അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ ബസുണ്ടാക്കിയ അപകടത്തിലെ ഇര ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുകയായിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് 1.82 ലക്ഷം രൂപ നല്‍കാന്‍ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ ഉത്തരവിട്ടു.

എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലില്‍ അലഹാബാദ് ഹൈക്കോടതി ഇത് റദാക്കി. അപകടം നടക്കുമ്പോള്‍ ബസ് കേര്‍പ്പറേഷന്റെ നിയന്ത്രണമത്തിലായിരുന്നുവെന്നും ഉടമയോട് മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം അംഗീകരിച്ചാണ് വിധി റദാക്കിയത്. പിന്നീടാണ് കോര്‍പ്പറേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.