Home അറിവ് ഇനി വസ്ത്രം ഓണ്‍ലൈനായി തയ്പ്പിക്കാം; ഓപാക്‌സ് ആപ്

ഇനി വസ്ത്രം ഓണ്‍ലൈനായി തയ്പ്പിക്കാം; ഓപാക്‌സ് ആപ്

ത് ഓണ്‍ലൈന്‍ പര്‍ചേയ്‌സിന്റെ കാലഘട്ടമാണ്. അധികം ആളുകളും വസ്ത്രങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നത് ഈ ആപ്ലിക്കേഷനാണ്. ഇനി വസ്ത്രം തയ്ക്കാനും ഓണ്‍ലൈനില്‍ കഴിയും. കോഴിക്കോട്ടെ ഗവമെന്റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ലീഐ ടി ടെക്നോ ഹബ് ആണ് പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓപാക്‌സ് എന്ന ഈ ആപ് വഴി വസ്ത്രങ്ങള്‍ വാങ്ങാന്‍ മാത്രമല്ല തയ്പ്പിക്കാനും സാധിക്കും.

വസ്ത്രങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്ഫോമുകള്‍ക്കിടയില്‍ ഓപാക്‌സ് ആപ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലെ ചിത്രം കണ്ട് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും അളവ് മാറി വസ്ത്രം കിട്ടുന്നതും ഇപ്പോള്‍ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ മടക്കി നല്‍കല്‍ മാത്രമാണ് പരിഹാരം.

ഇതിനുള്ള പരിഹാരം കൂടിയാണ് ഓപാക്‌സ്. വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം സാധാരണക്കാരായ തയ്യല്‍കാര്‍ക്കും വസ്ത്രങ്ങള്‍ തയ്ച്ച വില്‍ക്കാനുള്ള അവസരവും ഓപാക്‌സ് ഒരുക്കുന്നു. ഓപാക്സില്‍ റജിസ്റ്റര്‍ ചെയ്യുന്നതിനോ, വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനോ തയ്യല്‍ക്കാരില്‍ നിന്നു ഫീസോ വാടകയോ ഈടാക്കുന്നില്ല. വസ്ത്രങ്ങള്‍ക്കൊപ്പം മറ്റു അനുബന്ധ സാമഗ്രികളുടെയും വില്‍പന സാധ്യമാകും. തങ്ങളുടെ ഇഷ്ടാനുസരണം അളവുകളും മെറ്റീരിയലുകളും തിരഞ്ഞെടുത്ത് വസ്ത്രങ്ങള്‍ തയ്പ്പിക്കാം. ആപ്പിലുള്ള ടെയ്ലര്‍ ഓപ്ഷന്‍ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള തയ്യല്‍ക്കാരെ തിരഞ്ഞെടുക്കാനാവും.

ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് ആപ് വസ്ത്രത്തിനുള്ള അളവെടുക്കുക. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ അളവുകളില്‍ മാറ്റം വരുത്താനും ഉപഭോക്താവിനു കഴിയും. ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍ വസ്ത്രം തയ്ച്ച് ഉപഭോക്താക്കള്‍ക്ക് അയച്ചു കൊടുക്കും. തയ്യല്‍ക്കാരില്‍ നിന്നുള്ള ഈ വസ്ത്രങ്ങള്‍ ഓപാക്സ് കുറിയര്‍ വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുക. ഇതിനായി ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഓപാക്‌സ്, ഓപാക്‌സ് കുറിയര്‍ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പതിനായിരത്തിലധികം വില്‍പനക്കാര്‍ റജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. അവരുടെ വസ്ത്ര നിലവാരം പരിശോധിച്ച് അനുമതി നല്‍കുന്നതാണ് ബാക്കിയുള്ളത്. പല പ്രമുഖ ബ്രാന്‍ഡുകളും ആപില്‍ ഇടം പിടിച്ചിട്ടുണ്ട്. വന്‍കിട ഫാഷന്‍ ബ്രാന്‍ഡുകളുടെ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന തയ്യല്‍ക്കാര്‍ക്ക് ഓപാക്സ് മികച്ച വിപണി സാധ്യതയും വരുമാന മാര്‍ഗവും ഒരുക്കുന്നു.

3-4 ദിവസത്തിനുള്ളില്‍ ആപ് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങും. അടുത്ത അപ്‌ഡേറ്റില്‍ വെര്‍ച്വല്‍ ടെയ്ലറിംഗ്, ക്യാമറ വഴി അളവെടുക്കുന്ന സംവിധാനം തുടങ്ങിയവ ഉള്‍പ്പെടും. അടുത്ത ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് പദ്ധതി.