Home അറിവ് കോവിഡിന്റെ മൂന്നാം തരംഗം ബാധിക്കുന്നത് കുട്ടികളെയോ?; പ്രചാരണത്തിന്റെ വാസ്തവമറിയാം

കോവിഡിന്റെ മൂന്നാം തരംഗം ബാധിക്കുന്നത് കുട്ടികളെയോ?; പ്രചാരണത്തിന്റെ വാസ്തവമറിയാം

കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമെല്ലാം കോവിഡിനെ ചെറുക്കാനുള്ള ശ്രമത്തിലാണ് ലോകം മുഴുവന്‍. വൈറസ് വ്യാപനം വളരെ ഉയര്‍ന്ന നിലയില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

കൊവിഡിന്റെ മൂന്നാം തരംഗം ഏറ്റവും അധികം ബാധിക്കുക കുട്ടികളെയാവാം എന്ന രീതിയില്‍ ധാരാളം റിപ്പോര്‍ട്ടുകളും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുണ്ട്. മാതാപിതാക്കളെ ഇത് ഏറെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങളെ പ്രകടമാകൂവെന്ന് നിതി ആയോഗ് അംഗം ഡോ വികെ പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുട്ടികള്‍ക്ക് പ്രതിരോധശേഷി ഉള്ളതിനാല്‍ വൈറസ് ബാധ ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാലും കോവിഡിന്റെ മൂന്നാം തരംഗത്തില്‍ രക്ഷിതാക്കള്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും കുട്ടികളിലെ രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോ വികെ പോള്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് മൂന്നാം തരംഗത്തില്‍ വൈറസ് ബാധ കുട്ടികളെയാണ് ബാധിക്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് പീഡിയാട്രിക്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഇത് കുട്ടികളെ ബാധിച്ചേക്കില്ല അതിനാല്‍ ആളുകള്‍ ഭയപ്പെടരുതെന്നും എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ക്ക് നേരിയ തോതിലുള്ള അണുബാധ മാത്രമേ ഉണ്ടാകൂ എന്നാണ് മനസിലാക്കുന്നത്. മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് കൊവിഡ് കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു.