ലഹരികുരുക്കിൽ കുരുന്നുകൾ

    സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍.

    കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ പിടികൂടിയത് പത്തരക്കിലോ എംഡിഎംഎ. ലഹരി മരുന്നുമായി പിടിയിലാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.സംസ്ഥാനത്ത് നിരോധിത ലഹരി മരുന്നുകളുടെ ഉപയോഗം വലിയതോതില്‍ വര്‍ദ്ധിക്കുന്നു എന്നതിന്റെ കണക്കുകളാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വ്യാജ മദ്യവും വാറ്റുചാരായവും കഞ്ചാവും ആയിരുന്നു പിടികൂടുന്നതില്‍ ഏറെയും. എന്നാല്‍ ഇന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പോലും മാരക ലഹരി മരുന്നായ എംഡിഎംഎ ഉപയോഗം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ് 2021 ജനുവരി മുതല്‍ 2022 മെയ് വരെ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് പത്തര കിലോ എംഡി എംഎയാണ് 43 അര കിലോ ഹാഷിഷ് ഓയിലും പിടികൂടി.7533 കിലോ കഞ്ചാവാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം സംസ്ഥാനത്ത് പിടികൂടിയത്. എക്‌സൈസ് പിടികൂടുന്ന ലഹരി മരുന്നുകളുടെ 20 ഇരട്ടിയിലധികം ലഹരി മരുന്നാണ് കേരളത്തില്‍ ഒഴുകുന്നത് എന്നാണ് എക്‌സൈസിന്റെ തന്നെ നിഗമനം.

    സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളുടെ ഇടയില്‍ പോലും മാരക ലഹരി മരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നു എന്നും എക്‌സൈസ് സാക്ഷ്യപ്പെടുത്തുന്നു.സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ലഹരി മരുന്നും മാഫിയയുടെ കെണിയില്‍ വീഴുന്നതില്‍ ഭൂരിപക്ഷം എന്നും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകള്‍ നിരത്തി എക്‌സൈസ് വ്യക്തമാക്കുന്നു.