Home ആരോഗ്യം ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ചര്‍മ്മപ്രശ്‌നങ്ങള്‍

ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി ചര്‍മ്മപ്രശ്‌നങ്ങള്‍

കോവിഡ് മാറി മാസങ്ങള്‍ക്ക് ശേഷവും തുടരുന്ന കോവിഡ് അനുബന്ധ ലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് അഥവാ ലോങ് കോവിഡ് എന്നു വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാല കോവിഡ് യാഥാര്‍ഥ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നമ്മുടെ ഭാവി ജീവിതത്തിന്റെ ഭാഗമാകുമെന്നും കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ഹൃദ്രോഗം, രക്തധമനികള്‍ക്ക് നീര്‍ക്കെട്ടുണ്ടാക്കുന്ന വാസ്‌കുലൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാല കോവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകാമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ബ്രെയിന്‍ ഫോഗ്, ശ്വാസം മുട്ടല്‍, മണവും രുചിയുമില്ലായ്മ പോലുള്ള ലക്ഷണങ്ങള്‍ക്ക് പുറമേ ചില ചര്‍മ സംബന്ധമായ പ്രശ്‌നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഫലമായി ഉണ്ടാകുന്നതായി രോഗികള്‍ പരാതിപ്പെടുന്നു.

കോവിഡ് മാറി ദീര്‍ഘനാളുകള്‍ക്ക് ശേഷവും തൊലിപ്പുറത്ത് ഒരു തുടിപ്പ് അനുഭവപ്പെടുന്നതായി പല രോഗികളും പറയുന്നു. ഏതെങ്കിലും ഒരിടത്ത് ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ചര്‍മത്തില്‍ ചൊറിച്ചിലോ മരവിപ്പോ പോലെ അനുഭവപ്പെടുന്നതായും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കൈകാലുകളിലാണ് പ്രധാനമായും ഇത്തരം ചര്‍മ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

പാരസ്‌തേഷ്യ എന്ന ഈ അവസ്ഥ രക്തം വിതരണം ചെയ്യുന്ന ഞരമ്പുകളില്‍ അമിതമായ സമ്മര്‍ദം ചെലുത്തുമ്പോള്‍ സാധാരണ അനുഭവപ്പെടുന്നതാണ്. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചലിച്ച് തുടങ്ങുമ്പോള്‍ ഈ പ്രശ്‌നം താനേ ഇല്ലാതാകുന്നു. ദീര്‍ഘകാല കോവിഡ് രോഗികളില്‍ ഇത് വ്യാപകമായി ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസിന്റെ ദീര്‍ഘകാല ഫലങ്ങള്‍ ഗൗരവസ്വഭാവമുള്ളതാണെന്നും ശരീരത്തിന്റെ ഏതൊരു ഭാഗത്തെയും അത് ബാധിക്കാമെന്നും ലോകാരോഗ്യ സംഘടന പ്രതിനിധികളും പറയുന്നു. എന്നാല്‍ ദീര്‍ഘകാല കോവിഡിന്റെ സാധ്യതകളെ കുറയ്ക്കാന്‍ വാക്‌സിനേഷന്‍ സഹായകമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അവകാശപ്പെടുന്നു.

ചില രോഗികളില്‍ ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്രത്യക്ഷമാകാം. എന്നാല്‍ ചിലരില്‍ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ദീര്‍ഘകാല കോവിഡ് വരുന്നുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. മേരി രാംസേ വിശദീകരിക്കുന്നു. ഇതിനാല്‍തന്നെ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്ന പക്ഷവും വാക്‌സിനേഷന്റെ പ്രാധാന്യം കുറയുന്നില്ലെന്ന് ഡോ. മേരി കൂട്ടിച്ചേര്‍ത്തു.