Home ആരോഗ്യം നടുവേദന അത്ര നിസാരമല്ല; ഗുരുതരമായ ആരോഗ്യപ്രശ്‌നം കൊണ്ടുണ്ടാകുന്ന നടുവേദന തിരിച്ചറിയാം

നടുവേദന അത്ര നിസാരമല്ല; ഗുരുതരമായ ആരോഗ്യപ്രശ്‌നം കൊണ്ടുണ്ടാകുന്ന നടുവേദന തിരിച്ചറിയാം

Man suffering from back pain at home in the bedroom. Uncomfortable mattress and pillow causes back pain.

ലോകത്തെ മൊത്തം കണക്കനുസരിച്ച് ജീവിതകാലത്ത് ഒരു തവണയെങ്കിലും നടുവേദന വന്നിട്ടുള്ളവര്‍ ജനസംഖ്യയുടെ 84 ശതമാനം വരും. സര്‍വസാധാരണമായിട്ടുള്ള ഈ നടുവേദനയുടെ കാരണമെന്താണ് എന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ?. വേദന ഒരു രോഗലക്ഷണമാണ്. നടുവേദനയും അങ്ങനെ തന്നെയാണ്.

85 ശതമാനം നടുവേദനക്കാരിലും കൃത്യമായ ഒരു കാരണം കണ്ടെത്താന്‍ പറ്റാറില്ല. എന്നിരുന്നാലും നടുവേദന മെഡിക്കല്‍ അറ്റെന്‍ഷന്‍ കിട്ടേണ്ട അവസ്ഥ തന്നെയാണ്. കാരണം ചെറിയ ശതമാനം ആളുകളില്‍ നടുവേദന സീരിയസായ ഒരു ആരോഗ്യപ്രശ്നം കൊണ്ടുണ്ടാകുന്നതാവാം. അത്തരം നടുവേദനയെ എങ്ങനെ തിരിച്ചറിയാന്‍ ഒരു പരിധി വരെ സഹായിക്കുന്ന ചില സംഗതികളുണ്ട്. അവയില്‍ ചിലതാണ്

ഒരു അപകടത്തിനോ, വീഴ്ചയ്‌ക്കോ തുടര്‍ന്ന് ഉടനെയുണ്ടാകുന്ന കഠിനമായ വേദന (Trauma)

വേദന തുടങ്ങുന്നതിന് മുമ്പോ, അതിനു ശേഷമോ ശരീരത്തിന്റെ ഭാരം കുറയുക (Weight loss)

വേദനയുടെ കൂടെയുണ്ടാകുന്ന പനി (fever) വിയര്‍ക്കല്‍ പ്രത്യേകിച്ച് രാത്രി (night sweats)

മാംസപേശികള്‍ക്കുള്ള ബലക്ഷയം (muscle weakness)

മല-മൂത്ര വിസര്‍ജ്ജനം നിയന്ത്രിക്കുന്നതിനുള്ള ശേഷിക്കുറവ് (incontinence)

ഒരു തരത്തിലും നിയന്ത്രണവിധേയമാകാത്ത തീവ്രമായ വേദന (intractable pain)

ഇത്തരം ലക്ഷണങ്ങളുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് അവയെ red flags എന്ന് വിളിക്കപ്പെടുന്നു.

ഇത്രയും അടിയന്തരസ്വഭാവമില്ലെങ്കിലും നടുവേദനയുടെ ചികിത്സയില്‍ വളരെ പ്രാധാന്യമുള്ള മറ്റു ചില ലക്ഷണങ്ങളുണ്ട്. അവ ഒരു വ്യക്തിയുടെ മാനസികവും, സാമൂഹികവുമായ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉത്കണ്ഠ (anxiety), വിഷാദരോഗങ്ങള്‍(depressive illness), അനാവശ്യമായ ഭയം (fear), നിഷേധാത്മകമായ നിലപാടുകള്‍ (negative attitude) കുടുംബപരവും, തൊഴില്‍പരവുമായ സംഘര്‍ഷങ്ങള്‍(domestic and occupational conflicts) എന്നിവ yellow flags എന്ന ഗ്രൂപ്പില്‍ പെടുന്നു. ഇത്തരം ഘടകങ്ങള്‍ നടുവേദനയ്ക്ക് നേരിട്ടുള്ള കാരണങ്ങളല്ല, പക്ഷേ വേദന നീണ്ടു നില്‍ക്കുന്ന, ചികിത്സ ഫലപ്രദമാകാതിരിക്കുന്ന സ്ഥിതിയുണ്ടാക്കാറുണ്ട്.

വേദനയടക്കമുള്ള പല നെഗറ്റീവ് എലമെന്റ്‌സിനെയും നിയന്ത്രിക്കുന്ന ഒരു ആന്തരികസംവിധാനം മനുഷ്യശരീരത്തിലുണ്ട്, അതാണ് എന്‍ഡോജീനസ് ഒപ്പിയോയിഡ് സിസ്റ്റം. എന്‍ഡോര്‍ഫിന്‍സ്, എന്‍കേഫാലിന്‍സ്, ഡൈനോര്‍ഫിന്‍സ് മുതലായ രാസപദാര്‍ത്ഥങ്ങള്‍ വഴിയാണ് ഈ സിസ്റ്റം അതിന്റെ ധര്‍മം നിര്‍വഹിക്കുന്നത്.

എന്‍ഡോര്‍ഫിന്‍സ് വേദനസംഹാരിയായി ഉപഗോഗിക്കുന്ന മോര്‍ഫിനുമായി ഘടനാപരമായി സാമ്യമുള്ളതാണ്. എന്‍ഡോജീനസ് ഒപ്പിയോയിഡ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനത്തെ yellow flags പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് വേദന ഉള്ളതിനേക്കാള്‍ തീവ്രതയില്‍ അനുഭവപ്പെടാനും, വേദനയോടുള്ള മനോഭാവം കൂടുതല്‍ നിഷേധാത്മകമാവാനും (negative feelings) വിവിധ ചികിത്സാരീതികള്‍ ഫലപ്രദമാകാതിരിക്കാനും കാരണമാകുന്നത്.

പരിണാമഫലമായുണ്ടായ മാറ്റം (Evolutionary change) മനുഷ്യന്റെ നട്ടെല്ലിനെ വേദനയ്ക്ക് കൂടുതല്‍ വശംവദമാക്കുന്നുണ്ടോ?

ഏകദേശം നാല് മില്യന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആധുനിക മനുഷ്യന്‍ രണ്ടുകാലില്‍ നടക്കാന്‍ തുടങ്ങിയത്. നാലില്‍ നിന്ന് രണ്ടുകാലിലേക്കുള്ള (bipedalism) പ്രമോഷന്‍ പരിണാമപ്രക്രിയയിലെ മറ്റു പല പരിവര്‍ത്തനങ്ങളെക്കാള്‍ താരതമ്യേന വേഗത്തിലാണ് സംഭവിച്ചതെന്നാണ് അതേ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത്.

ബൈപെഡലിസം കൊണ്ട് മനുഷ്യന് ഒരുപാട് ഗുണങ്ങളുണ്ടായി. കൈ സ്വന്ത്രമായതോടെ ടൂള്‍സ് ഉപയോഗിക്കാന്‍ തുടങ്ങി. തലച്ചോറിന്റെ വികാസം സംഭവിച്ചു. നടക്കാന്‍ ചെലവാക്കേണ്ടിയിരുന്ന ഊര്‍ജ്ജത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഒന്ന് ചുറുചുറുക്കോടെ നടക്കാന്‍ (5Km/hr) 250-350 കാലറി മതിയെന്ന നില വന്നു.

കാഴ്ചയും, കാഴ്ചപ്പാടും, വേഷവും, ഭാഷയും, കോലവും, ശീലവും; മനുഷ്യന്‍ അടിമുടി മാറിയത് അവിടന്നങ്ങോട്ടാണ്.

എന്നാല്‍ രണ്ടുകാലിലേക്കുള്ള നില്‍പ്പ് ചില പ്രശ്‌നങ്ങളെയും കൊണ്ടുവന്നു. അതില്‍ പ്രധാനമായ ഒന്ന് ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വഭാവമനുസരിച്ച് ശരീരത്തിന്റെ പ്രത്യേകിച്ച് നട്ടെല്ലിന്റെയും, ഇടുപ്പിന്റെയും ഘടനയില്‍ വരുത്തേണ്ടി വന്ന മാറ്റമാണ്. ഗുരുത്വാകര്‍ഷണ രേഖ (line of gravity) ശരീരത്തിലെ സന്ധികളുമായി കൃത്യമായ അകലത്തിലും, ദിശകളിലും കടന്നുപോയാല്‍ മാത്രമേ നില്‍ക്കുമ്പോഴും നടക്കുമ്പോഴും ബാലന്‍സ് തെറ്റാതെയിരിക്കുന്നതിനും, അതിന് വേണ്ട ആയാസം ലഘൂകരിക്കുന്നതിനും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് മനുഷ്യന്റെ നട്ടെല്ലിന് വളവുകള്‍ വേണ്ടി വന്നത്.

കഴുത്തിന്റെ ഭാഗത്തും (cervical), വയറിന്റെ ഭാഗത്തും (lumbar) നട്ടെല്ല് മുന്നിലോട്ടും (lordosis) നെഞ്ചിന്റെ (thoracic) ഭാഗത്ത് പിന്നിലോട്ടും (kyphosis) അല്പം വളഞ്ഞാണിരിക്കുന്നത്. അതിനനുസരിച്ച് മാംസപേശികളുടെ വിന്യാസവും പ്രവര്‍ത്തനവും ക്രമീകരിക്കേണ്ടി വന്നു. നേരത്തെ പറഞ്ഞതുപോലെ ഈ പ്രക്രിയ വളരെ വേഗത്തില്‍, എന്നു വച്ചാല്‍ ‘2 മില്യന്‍ വര്‍ഷങ്ങള്‍’ എന്ന ചുരുങ്ങിയ സമയത്തിനുള്ളിലായതുകൊണ്ട് എല്ലാ എഞ്ചിനീയറിങ് തത്വങ്ങളും പാലിച്ചല്ല പരിണാമത്തിന്റെ ഈ ഘട്ടം സംഭവിച്ചത്. ഘടനാപരമായ പൂര്‍ണതയ്ക്കല്ല, എനര്‍ജി എഫിഷെന്‍സിക്കും ബാലന്‍സിങ്ങിനുമാണ് മുന്‍ഗണന കിട്ടിയത്.

റിലാക്‌സ്ഡ് ആയി നില്‍ക്കാന്‍ മാംസപേശികളുടെ പ്രയത്‌നം (muscle activity) വളരെ നിസ്സാരമായ തോതിലേ ആവശ്യമുള്ളൂ. ലൈന്‍ ഓഫ് ഗ്രാവിറ്റിയുമായി ഒത്ത് പോകുന്ന ആകൃതിയാണ് മുഖ്യമായും ശരീരത്തെ സ്റ്റേബിള്‍ ആയി നിര്‍ത്തുന്നത്. അങ്ങനെ മിച്ചം വരുന്ന എനര്‍ജി മനുഷ്യന് നിരീക്ഷിക്കാനും ചിന്തിക്കാനുമായി ഉപയോഗപ്പെടുന്നു.

ഈ പ്രത്യേകത മൂലം പ്രായത്തിനും, കായികക്ഷമതക്കും, പിന്നെ ഇരുപ്പിനും നടപ്പിനും ഒക്കെ അടിസ്ഥാനമാക്കി wear and tear (തേയ്മാനം) സംഭവിക്കാവുന്ന ഒരു പോരായ്മ (disadvantage) മനുഷ്യനട്ടെല്ലിനുണ്ടായി, പ്രത്യേകിച്ച് കഴുത്തിന്റെയും, വയറിന്റെയും ഭാഗത്ത് (cervical and lumbar). അരക്കെട്ടിലുള്ള രണ്ട് കശേരുകള്‍ക്കിടയിലാണ് (L 5 -S 1 junction) ഈ തേയ്മാനം കൂടുതല്‍ സംഭവിക്കുന്നത്.

ഇങ്ങനെയൊരു പശ്ചാത്തലം നടുവേദനയ്ക്കുണ്ട്, എല്ലാ നടുവേദനയും ഇതുകൊണ്ടാണെന്ന് അര്‍ഥമില്ല.