Home അറിവ് 70 വയസിലും പെന്‍ഷന്‍ ഉറപ്പാക്കാം; വിശദവിവരങ്ങള്‍ അറിയാം

70 വയസിലും പെന്‍ഷന്‍ ഉറപ്പാക്കാം; വിശദവിവരങ്ങള്‍ അറിയാം

ഴുപതാമത്തെ വയസിലും നിങ്ങള്‍ക്ക് എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി )ല്‍ അംഗമാവുക വഴി പ്രതിമാസ പെന്‍ഷന്‍ നേടാം. എന്‍പിഎസില്‍ ചേരാനുള്ള പ്രായപരിധി ഇപ്പോള്‍ 65ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അക്കൗണ്ട് അവസാനിപ്പിച്ചവര്‍ക്കും ചേരാന്‍ അവസരമുണ്ട്.

65 നും 70 നും ഇടയില്‍ എന്‍പിഎസില്‍ ചേരുന്നവര്‍ക്ക് 75 വയസ്സുവരെ പദ്ധതിയില്‍ തുടരാം. പ്രായപരിധി വര്‍ധിപ്പിച്ചതിനാല്‍ നിലവില്‍ എന്‍പിഎസ് അക്കൗണ്ട് ക്ലോസ് ചെയ്തവര്‍ക്ക് പുതിയ അക്കൗണ്ട് തുറക്കാനും പിഎഫ്ആര്‍ഡിഎ അനുമതി നല്‍കിയിട്ടുണ്ട്. 65 വയസു കഴിഞ്ഞ്‌ചേരുന്ന നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപത്തിന്റെ 50 ശതമാനം വരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കാനും അവസരമുണ്ട്.

65 വയസിനു ശേഷം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ആവശ്യമെങ്കില്‍ 3 വര്‍ഷം കഴിഞ്ഞ് അവസാനിപ്പിക്കാം. നിക്ഷേപം 5 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 60 ശതമാനം തുക പിന്‍വലിക്കാം. ബാക്കി 40 ശതമാനം തുക പെന്‍ഷന്‍ ലഭിക്കാനുള്ള ആന്വിറ്റികള്‍ വാങ്ങിയിരിക്കണം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ മൊത്തം തുകയും പിന്‍വലിക്കാം.

കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയായ എന്‍പിഎസില്‍ 18 വയസ്സു മുതല്‍ 70 വയസ്സുവരെയുള്ള ആര്‍ക്കും അംഗങ്ങളാകാം. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിലൂടെ ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാമെന്നു മാത്രമല്ല ആദായ നികുതി ഇളവും കരസ്ഥമാക്കാം.