Home ആരോഗ്യം തിരക്കിനിടയില്‍ വിശപ്പടക്കാന്‍ എന്തെങ്കിലും കഴിക്കുന്ന ശീലക്കാരാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

തിരക്കിനിടയില്‍ വിശപ്പടക്കാന്‍ എന്തെങ്കിലും കഴിക്കുന്ന ശീലക്കാരാണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ജോലി, വീട്ടിലെ കാര്യങ്ങള്‍, കുട്ടികളുടെ കാര്യങ്ങള്‍, പഠനം ഇങ്ങനെ പല വിധത്തിലുള്ള തിരക്കുകള്‍ക്കിടയിലൂടെയാണ് പലരുടെയും ജീവിതം കടന്ന് പോകുന്നത്. ഇതിനിടയില്‍ പലപ്പോഴും ഭക്ഷണകാര്യങ്ങളില്‍ വേണ്ട ശ്രദ്ധ പുലര്‍ത്താന്‍ മിക്കവര്‍ക്കും കഴിയാറില്ല. വിശക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ കഴിക്കുക എന്നതായിരിക്കും രീതി.

നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ അധികവും ഭക്ഷണം പുറത്തുനിന്നായിരിക്കും. എന്നാല്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നമ്മളെ മോശമായി ബാധിച്ചേക്കാം. അത്തരത്തില്‍ മോശം ഭക്ഷണരീതി നമ്മളെ എളുപ്പത്തില്‍ ബാധിക്കുന്നൊരു വിഷയത്തെ കുറിച്ചാണിനി പറയുന്നത്.

ഭക്ഷണത്തെ ആശ്രയിച്ചാണ് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിലനില്‍ക്കുന്നത്. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ പ്രവര്‍ത്തനങ്ങളും വലിയൊരളവ് വരെ ഭക്ഷണത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷണം മോശമായാല്‍ അത് ഒരുപക്ഷേ ശരീരത്തെക്കാളും പെട്ടെന്ന് മനസിനെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

അതിനാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിക്കുന്ന ഭക്ഷണം സൂക്ഷിച്ച് തെരഞ്ഞെടുക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രമുഖ മനശാസ്ത്രജ്ഞന്‍ ഡോ. സാമന്ത് ദര്‍ശി ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

‘അനാരോഗ്യമായ ഭക്ഷണരീതിയാണ് നിങ്ങള്‍ പിന്തുടരുന്നത് എങ്കില്‍ അത് തീര്‍ച്ചയായും നിങ്ങളുടെ മനസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ തൊട്ട് സ്‌കിസോഫ്രീനിയ പോലെ ഗൗരവകരമായ രോഗങ്ങള്‍ വരെ കൈകാര്യം ചെയ്യുമ്പോള്‍ പലപ്പോഴും ഭക്ഷണകാര്യങ്ങളിലേക്ക് ആവശ്യമായ ശ്രദ്ധ പോകാറില്ല.

സ്‌കിസോഫ്രീനിയ പോലുള്ള ചില മാനസിക രോഗങ്ങളുള്ളവര്‍ മോശം ഭക്ഷണരീതിയിലേക്കെത്താന്‍ മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യതകള്‍ വളരെ കൂടുതലാണെന്നും അങ്ങനെ ഏറെ നാള്‍ തുടര്‍ന്നാല്‍ അത് രോഗം മൂലമുള്ള വിഷമതകളെ ഇരട്ടിപ്പിക്കുമെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു.

ആവശ്യത്തിന് പോഷകങ്ങള്‍ എപ്പോഴും ഭക്ഷണത്തിലൂടെ നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. ഒമേഗ-3-ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ്, ആന്റിഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍ എല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അനാരോഗ്യകരമായ കൊഴുപ്പ്, മധുരം എന്നിവ പരമാവധി ഒഴിവാക്കുകയും വേണം.