Home അന്തർദ്ദേശീയം ബോയിങ് 747-400 എന്ന കടുവ മുഖമുള്ള ചാർട്ടേർഡ് വിമാനത്തിന്റെ ചരിത്രം

ബോയിങ് 747-400 എന്ന കടുവ മുഖമുള്ള ചാർട്ടേർഡ് വിമാനത്തിന്റെ ചരിത്രം

നമീബിയയിൽ നിന്ന് വേഗരാജാക്കന്മാരായ ചീറ്റപ്പുലികളെ കൊണ്ടുവന്നതിനൊപ്പം എല്ലാവരും ശ്രദ്ധിച്ച കാര്യമാണ് ചീറ്റകളെ കൊണ്ടുവന്ന കടുവാമുഖമുള്ള വിമാനം. ബോയിങ് 747-400 എന്ന ചാർട്ടേർഡ് വിമാനത്തിനും ഒരു ചരിത്രമുണ്ട്.

2001 ൽ സിംഗപ്പൂർ എയർലൈൻസ് വാങ്ങിയ ഈ ബോയിങ് 747-400 യാത്രാവിമാനത്തിന് മേൽ പതിപ്പിച്ചിരിക്കുന്നത് സൈബീരിയൻ കടുവയുടെ ചിത്രമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്തിന് പുറത്ത് കടുവാമുഖം പെയിന്റ് ചെയ്തിരിക്കുന്നത്.2012 ജൂണിൽ വിമാനം ട്രാൻസ് ഏറോ എയർലൈൻസ് എന്ന റഷ്യൻ സ്വകാര്യ വിമാനക്കമ്പനി വാങ്ങി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിമാനം ആറ് വർഷം പ്രവർത്തനരഹിതമായിരുന്നു. പിന്നീട് 2021 ൽ അമേരിക്കയിലെ ടി.വി.പി.എക്സ്. ട്രസ്റ്റ് സർവീസസ് എന്ന കമ്പനി വിമാനം ഏറ്റെടുത്തു. അവരുടെ പക്കൽ നിന്നാണ് ഇക്കൊല്ലം മാർച്ചിന് മോൾഡോവ ആസ്ഥാനമായി ചാർട്ടർ സർവീസും ചരക്കു സർവീസും നടത്തുന്ന ടെറാ ഏവിയ, 21 കൊല്ലത്തിലേറെ പഴക്കമുള്ള ഈ വിമാനം വാങ്ങുന്നത്.കടുവകളെ കൊണ്ടുവരാനാനായി പ്രത്യേകം കാബിനുകൾ വിമാനത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു. അൾട്ര ലോങ് റേഞ്ച് ജെറ്റ് വിമാനത്തിന് 16 മണിക്കൂർ തുടർച്ചയായി പറക്കാൻ സാധിക്കും. നമീബിയയിൽനിന്ന് പുറപ്പെട്ട വിമാനം ഇന്ത്യയിൽ മധ്യപ്രദേശിലാണ് പിന്നീട് ലാൻഡ് ചെയ്തത്.

വംശനാശ ഭീഷണി നേരിടുന്ന ചീറ്റപ്പുലികൾ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നമീബിയയിൽനിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലെത്തിച്ചു.

1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച വർഗമാണ് ചീറ്റപ്പുലികൾ. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങൾക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.