. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായാണ് ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതുസംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28ന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.
എന്നാല്‍ 18 വയസ്സ് തികഞ്ഞാല്‍ മാത്രമാകും വാഹനം ഓടിക്കാന്‍ അനുവാദം. സംസ്ഥാനത്ത് പ്ലസ്ടു പാസാകുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും.ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം എന്നതാണ് അതില്‍ ഒന്നാമത്തേത്. റോഡ് നിയമങ്ങളേക്കുറിച്ച് വിദ്യാര്‍ഥികള്‍ ബോധവാന്‍മാരാവുകയും ചെയ്യും എന്നതാണ് മറ്റൊന്ന്.ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കൗമാരക്കാരിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കൂടുതലായും കണ്ടെത്തുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ലേണേഴ്സ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. ട്രാഫിക് നിയമങ്ങളും ഒപ്പം ബോധവത്കരണവും പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.