Home ആരോഗ്യം വവ്വാൽ അപകടകാരി. വേനലിൽ കരുതൽ വേണം

വവ്വാൽ അപകടകാരി. വേനലിൽ കരുതൽ വേണം

മനുഷ്യര്‍ക്ക് പിടിപെടുന്ന പകര്‍ച്ചവ്യാധികളില്‍ 75 ശതമാനവും മൃഗങ്ങളില്‍ നിന്നാണ്.അവയില്‍ പലതും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. 2022 ജനുവരിയില്‍ ഡബ്ല്യൂഎച്ച്‌ഒ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വവ്വാലുകളില്‍ നിന്നുള്ള വൈറസുകള്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നുണ്ട് കേരളത്തില്‍ നിപ്പ വൈറസും ചൈനയില്‍ കൊറോണ വൈറസുമെല്ലാം വവ്വാലില്‍ നിന്നാണെന്ന് പഠനങ്ങള്‍ നടക്കുന്നു..വേനൽ കാലം വവ്വാലുകളുടെ പ്രജനന കാലമാണ്. കുട്ടികൾ തൊടികളിൽ ഇറങ്ങുന്ന അവധികാലം കൂടിയാണ് വേനൽ.വവ്വാൽ കൊത്തി വീണു കിടക്കുന്ന മാങ്ങയോ, ചാമ്പക്കയോ വഴി രോഗാണു ശരീരത്തിൽ കയറാം.അതിനാൽ കരുതൽ അനിവാര്യമാണ്

എന്നാല്‍ കൊറോണയും നിപയും മാത്രമല്ല നിരവധി തരത്തിലുള്ള മറ്റു രോഗങ്ങളുടെയും ഉറവിടമാകാന്‍ വവ്വാലുകള്‍ കരണമായേക്കാമെന്ന് അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നു.മറ്റു പക്ഷിമൃഗാദികളെ അപേക്ഷിച്ച്‌ നോക്കുമ്പോൾ വവ്വാലുകള്‍ അപകടകരമായ പല വൈറസുകളെ കൊണ്ടുനടക്കുന്നുണ്ട് .പറക്കാന്‍ കഴിയുന്ന ഏക സസ്തനിയാണ് വവ്വാല്‍.ഇതുതന്നെയാണ് ഇവര്‍ വൈറസ് വാഹിനികള്‍ ആകുന്നതിന് ഒരു കാരണം .പേവിഷബാധ, ഹിസ്റ്റോപ്ലാസ്‌മോസിസ്, സാല്‍മോണല്ലോസിസ്, യെര്‍സിനിയോസിസ് തുടങ്ങിയ പല മൃഗജന്യ രോഗങ്ങളുമായും വവ്വാലുകള്‍ ബന്ധപ്പെട്ടിരിക്കുന്നു.പിഎന്‍എഎസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. നിപ്പയും കൊറോണയും മാത്രമല്ല ഹെന്‍ഡ്ര വൈറസിന്റെയും എബോള വൈറസിന്റെയുമെല്ലാം വാഹകര്‍ കൂടിയാണ് ഇവര്‍. പേന്‍, ചെള്ള് തുടങ്ങിയവ അണുക്കളെ ചിലപ്പോള്‍ വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പരത്താമെന്നും ഗവേഷകര്‍ പറയുന്നു.

പഴവര്‍ഗങ്ങളും തെങ്ങോലകളും വവ്വാലുകള്‍ നശിപ്പിക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്കും ഇവ ഭീഷണിയാണ്.വൈറസ് വവ്വാലുകളില്‍ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്കോ വവ്വാലുകളില്‍ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്ക് പടര്‍ന്ന ശേഷം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്കോ പകരാം.വവ്വാല്‍ പാതി ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് ബാധയേല്‍ക്കാം.പക്ഷികളും വവ്വാലുകളും കടിച്ച്‌ ഉപേക്ഷിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. നിലത്തു വീണു കിടക്കുന്ന പഴങ്ങളും ഒഴിവാക്കാം. മറ്റു പഴങ്ങള്‍ കഴുകിയ ശേഷം തൊലി നീക്കി കഴിക്കാം.കിണറുകള്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലസ്രോതസ്സുകളില്‍ വവ്വാലുകളുടെ വിസര്‍ജ്യം വീഴുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.വെള്ളം നന്നായി തിളപ്പിച്ച്‌ ഉപയോഗിച്ചാല്‍ ഭയക്കേണ്ടതില്ല.വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ളും ഒഴിവാക്കണം.

കടവാവലുകള്‍ ,വാവല്‍, നരിച്ചീര്‍, പാര്‍കാടന്‍, പാറാടന്‍ തുടങ്ങി പലപേരുകള്‍ ഇവയെ വിളിക്കാറുണ്ട്. പറക്കാനുള്ള കഴിവുകാരണം അന്റാര്‍ട്ടിക്കയിലും ഒറ്റപ്പെട്ട ദ്വീപുകളിലും ഒഴികെ സര്‍വ്വയിടങ്ങളിലും കാണുന്ന ഏക സസ്തനി വവ്വാലുകളാണ്.

സാധാരണയായി വവ്വാലുകള്‍ വലിയ മരങ്ങളില്‍ ആണ്‌ കാണപ്പെടുന്നത്. എങ്കിലും വലിയ ഗുഹകള്‍, പഴയ ആള്‍ താമസമില്ലാത്ത വീടുകള്‍, വലിയ കെട്ടിടങ്ങള്‍, പാലങ്ങളുടെ അടിവശം, ഖനികള്‍ എന്നിവിടങ്ങളിലും കാണാന്‍ സാധിക്കും.കൂട്ടമായി വസിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ എളുപ്പത്തില്‍ വൈറസ് വ്യാപിക്കാന്‍ ഇവ കാരണമാകുന്നു.വവ്വാലുകള്‍ കൂട്ടത്തോടെ ജീവിക്കുന്നിടത്ത് നിന്ന് അവയെ തുരത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് വിപരീത ഫലങ്ങളുണ്ടാക്കും.

ഇത്തരം വൈറസുകളെ തുരത്താന്‍ ഏറ്റവും മികച്ച ആയുധമാണ് സോപ്പ്. ദിവസവും പല തവണ സോപ്പ് ഉപയോഗിച്ച്‌ രണ്ട് കൈകളും വൃത്തിയാക്കണം.കൂടാതെ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് 30-40 സെക്കന്റ് കൈകള്‍ കഴുകുകയും ചെയ്യണം.