Home ആരോഗ്യം എന്താണ് ‘ഹൃദ്യം പദ്ധതി’ ?

എന്താണ് ‘ഹൃദ്യം പദ്ധതി’ ?

ഹൃദ്രോഗബാധിതരായ കുട്ടികളുടെ ചികിത്സയും ശസ്ത്രക്രിയയും പൂര്‍ണ്ണമായും സർക്കാർ ചിലവിൽ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം.
ഒട്ടെറെപ്പേർക്ക് സഹായകരമായോക്കാവുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം.

ദേശീയ ആരോഗ്യദൗത്യത്തിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്കെ പദ്ധതി പ്രകാരം പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളിലെ ഹൃദ്രോഗങ്ങൾ സർക്കാർ ചിലവിൽ ചികിത്സിക്കപ്പെടുന്നു. സൗജന്യ ഹൃദയശസ്ത്രക്രിയ അടക്കം പദ്ധതിയിൽ ഉൾപ്പെടും. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ആർ.ബി.എസ്.കെ.യുമാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. യുണിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട് ലിങ്കും സാങ്കേതികസഹായവും നൽകി വരുന്നുണ്ട്.

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികൾക്ക് സേവനം ലഭ്യമാണ്. സർക്കാർ ആശുപത്രിയില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും ആര്‍ബിഎസ്കെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ള പരിശോധനകൾക്ക് വിധേയരാക്കും. ഇതില്‍ ജന്മനാലുളള ഹൃദ്രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളിൽ തുടർ പരിശോധനകൾ നടത്തി എത്രയും നേരത്തെ തന്നെ രോഗം കണ്ടെത്തുന്നു.

രജിസ്ട്രേഷൻ –
സൗജന്യ ചികിത്സ ആവശ്യമുള്ളവര്‍ www.hridyam.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളുണ്ട്. ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ കുട്ടിയുടെ അച്ഛനമ്മമാർക്ക് വിവരങ്ങൾ വെബ്സൈറ്റിൽ ഉള്‍പ്പെടുത്താം. പദ്ധതിയെ കുറിച്ച് കൂടുതലായി ആളുകളെ അറിയിക്കാൻ ഫെയ്സ്ബുക്ക്, ട്വിറ്റർ അടക്കം സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ ടോൾ ഫ്രീ നമ്പറായ 1026-ലും ബന്ധപ്പെടാം.

മുൻഗണനാക്രമം-
സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താലുടൻ രജിസ്ട്രേഷൻ നമ്പർ ലഭിക്കും.തുടർ ചികിത്സയ്ക്കുള്ള നമ്പറും ഇത് തന്നെയാണ്. അഞ്ച് ഘട്ടങ്ങളായി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗത്തിന്റെ സങ്കീർണതയും അടിയന്തര സ്വഭാവവും അനുസരിച്ചാകും മുൻഗണനാ ക്രമം നിശ്ചയിക്കുക.

തുടർ നടപടി-
മുൻഗണനാ ക്രമം നിശ്ചയിച്ച ശേഷം അഞ്ച് പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് ശസ്ത്രക്രിയക്ക് വേണ്ട തീരുമാനങ്ങൾ എടുക്കും. എമർജൻസി സ്വഭാവമുള്ളതാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. വിദഗ്ധ സമിതി തീരുമാനം 24 മണിക്കൂറിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അത്യാഹിത സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (RBSK) പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയ ചെയ്യാം. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാൻ സൗജന്യ ഐസിയുആംബുലൻസ് സഹായവും ലഭ്യമാക്കും.

ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രികൾ-
കോഴിക്കോട് മെഡിക്കൽ കോളേജ്,
കോഴിക്കോട് മിംസ് ഹോസ്പിറ്റൽ,
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,
കൊച്ചി ആസ്റ്റർ മെഡിസിറ്റി,
എറണാകുളം ലിസ്സി ഹോസ്പിറ്റൽ,
കോട്ടയം മെഡിക്കൽ കോളേജ്,
തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റൽ,
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി.