Home നാട്ടുവാർത്ത വേനലിൽ പൊള്ളിക്കാൻ പഴവർഗങ്ങളുടെ വിലയും.

വേനലിൽ പൊള്ളിക്കാൻ പഴവർഗങ്ങളുടെ വിലയും.

വേനല്‍ക്കാലത്ത് കുളിര്‍മ്മ നല്‍കേണ്ടുന്ന പഴങ്ങളുടെ വില കേട്ടാല്‍ തന്നെ പൊള്ളുന്ന അവസ്ഥയാണ്.വേനലിൽ കുളിർമ നൽകാൻ പഴങ്ങള്‍ ധാരാളം കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ ശരീരം തണുപ്പിക്കാന്‍ ആവശ്യമായ പഴവര്‍ഗങ്ങളുടെ വില കുതിക്കുകയാണ്

.രണ്ടാഴ്ച മുന്‍പ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 180 രൂപയാണ്. ഒരു കിലോ തണ്ണിമത്തന്റെ വില പത്ത് ദിവസത്തിനിടെ 12 രൂപയില്‍ നിന്ന് മുപ്പതിലെത്തി.ഒരു കിലോ പഴവര്‍ങ്ങള്‍ക്ക് 50 രൂപവരെയാണ് നിന്ന നില്‍പ്പില്‍ വിലകൂടിയത്. ജ്യൂസ് ഉണ്ടാക്കാനും മറ്റും ഉപയോഗിക്കുന്ന ഷമാമിന് കിലോയ്‌ക്ക് 35 രൂപയും, ഓറഞ്ച്, പൈനാപ്പിള്‍ എന്നിവയ്‌ക്ക് 30 രൂപയുമാണ് രണ്ടാഴ്‌ച്ചക്കിടെ വര്‍ദ്ധിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പഴങ്ങള്‍ വരുന്നത് കുറഞ്ഞതിനാലാണ് വില കുത്തനെ കൂടിയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മാത്രമല്ല, നോമ്പ് കാലമാകുമ്പോൾ പഴങ്ങളുടെ വില വര്‍ദ്ധന സാധാരണമാണ്.

ഏറ്റവും കൂടുതല്‍ അമ്പരപ്പിക്കുന്നത് ചെറുനാരങ്ങയുടെ വിലയാണ്. രണ്ടാഴ്‌ച്ചക്കിടെ നൂറ് രൂപയാണ് ചെറുനാരങ്ങയ്‌ക്ക് വര്‍ദ്ധിച്ചത്. അതായത് ഒരു ചെറുനാരങ്ങയ്‌ക്ക് പത്ത് രൂപയിലധികം കൊടുക്കേണ്ട അവസ്ഥ. പഴങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ ജ്യൂസ് കടക്കാരും, സാധാരണക്കാരും എല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. .