Home അറിവ് മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം എടുത്താല്‍ ജയില്‍ ശിക്ഷ

മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം എടുത്താല്‍ ജയില്‍ ശിക്ഷ

സ്ത്രീയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രമെടുക്കുന്നത് നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടും (England) വെയില്‍സും (Wales). അമ്മയുടെ സമ്മതമില്ലാതെ മുലയൂട്ടുന്നതിന്റെ ചിത്രങ്ങളെടുത്താല്‍ (Photographing breastfeeding women) 2 വര്‍ഷം തടവാണ് ശിക്ഷ. കോര്‍ട്ട് ബില്ലിന്റെ (Courts Bill) ഭാഗമായാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതെന്ന് നിയമന്ത്രാലയം (Ministry of Justice) വ്യക്തമാക്കി.

സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയമം. ‘ഇത്തരം ചിത്രങ്ങളിലൂടെ സ്ത്രീകളെ ശല്യപ്പടുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ അനുവദിക്കില്ല. ഒരു അമ്മയും ഇത്തരം പീഡനങ്ങള്‍ക്ക് ഇനി ഇരയാകരുത്. ഈ നിയമ ഭേദഗതിയിലൂടെ സ്ത്രീകള്‍ക്ക് നിയമവ്യവസ്ഥയില്‍ കൂടുതല്‍ വിശ്വാസ്യത വരും ‘- നിയമ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു.

അതേസമയം, മാഞ്ചസ്റ്ററിലെ ഡിസൈനറായ ജൂലിയ കൂപ്പര്‍ പരസ്യമായി മുലയൂട്ടുന്നതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഏപ്രിലില്‍ ഒരു ക്യാംപയ്ന്‍ ആരംഭിച്ചിരുന്നു. കുഞ്ഞിന് പരസ്യമായി മുലയൂട്ടിയതിനെ തുടര്‍ന്ന് തനിക്കും ദുരനുഭവം ഉണ്ടായെന്നും ജൂലിയ പറഞ്ഞിരുന്നു.

പൊതുയിടത്തിലെ ഒരു ബഞ്ചിലിരുന്ന് തന്റെ മകളെ മുലയൂട്ടുന്നതിനിടെ ഒരാള്‍ വീഡിയോ എടുത്തുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അയാല്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഞങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയെന്നും ജൂലിയ വെളിപ്പെടുത്തിയിരുന്നു. #BreastPestsStopped എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സ്ത്രീകള്‍ നേരിടുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ജൂലിയ സോഷ്യല്‍ മീഡിയ ക്യാംപയ്ന്‍ ആണ് ആരംഭിച്ചത്.