Home ആരോഗ്യം ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യമുള്ള ചില ശീലങ്ങള്‍ പിന്തുടരാം

ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യമുള്ള ചില ശീലങ്ങള്‍ പിന്തുടരാം

ലോക ആരോഗ്യദിനമായി കണക്കാക്കുന്ന ദിവസമാണ് ഏപ്രില്‍ ഏഴ്. ആരോഗ്യകരമായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടത് ഓരോ മനുഷ്യന്റേയും കടമയാണ്. ഇതിന്റെ ആവശ്യകത ഏത്രത്തോളം പ്രധാനമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ദിവസം.

ആദ്യം ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം. ‘കളര്‍ഫുള്‍’ ഭക്ഷണം കാണാനുള്ള മനോഹാരിതയ്ക്ക് മാത്രമല്ല, വിവിധ തരം പോഷകങ്ങളെ സൂചിപ്പിക്കുന്നത് കൂടിയാണ്. അതിനാല്‍ ‘കളര്‍ഫുള്‍’ ആയി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. രണ്ടാമതായി വെള്ളത്തെ പ്രാധാന്യത്തെ കുറിച്ച് അറിയുക. ദിവസവും 12 മുതല്‍ 14 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കുക. ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് വെള്ളം.

എല്ലാ ദിവസവും നിര്‍ബന്ധമായും അല്‍പസമയം സൂര്യപ്രകാശമേല്‍ക്കാനും ശ്രദ്ധിക്കണം. പതിനഞ്ച് മിനുറ്റ് നേരമെങ്കിലും ഇതിനായി കണ്ടെത്തേണ്ടതുണ്ട്. വൈറ്റമിന്‍-ഡി എന്ന അവശ്യഘടകത്തിന്റെ പ്രധാന സ്രോതസാണ് സൂര്യപ്രകാശം. ഇത് ശരീരത്തിന് മാത്രമല്ല- മനസിന്റെ ആരോഗ്യത്തിനും ഗുണകരമാണ്.

നടക്കുന്നത് ആരോഗ്യത്തെ നിലനിര്‍ത്താന്‍ എപ്പോഴും സഹായിക്കും. അതിനാല്‍ വ്യായാമത്തിന്റെ ഭാഗമായോ അല്ലാതെയോ പതിവായി അല്‍പനേരം നടക്കുക. യോഗ ചെയ്യുന്നത് ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. നമ്മള്‍ നമ്മളിലേക്ക് തന്നെ നടത്തുന്ന യാത്രയായിരിക്കണം യോഗ അല്ലെങ്കില്‍ ധ്യാനം. ഇതും ആരോഗ്യത്തെ ഏറെ പരിപോഷിപ്പിക്കും.

കാര്‍ഡിയോ എക്സര്‍സൈസുകള്‍ ചെയ്യുന്നത് വളരെ നല്ലതാണ്. നൃത്തം, യോഗ, സൈക്ലിംഗ്, ഓട്ടം എന്നിവയെല്ലാം ഇതിലുള്‍പ്പെടും. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും എന്തെങ്കിലും തരത്തിലുള്ള കാര്‍ഡിയോ എക്സര്‍സൈസുകള്‍ ചെയ്യാം.

സ്‌ക്രീന്‍ ടൈം കൂടുന്നതിന് അനുസരിച്ച് കണ്ണുകളുടെ ആരോഗ്യം പ്രശ്നത്തിലാകും. കണ്ണുകളുടെ ആരോഗ്യം മാത്രമല്ല ശാരീരികമായി പല തരത്തിലും വര്‍ധിച്ച മൊബൈല് ഫോണ്‍- ലാപ്ടോപ്- ടെലിവിഷന്‍ ഉപയോഗം എന്നിവ നമ്മെ ബാധിക്കും. അതിനാല്‍ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കുക.

മോണിട്ടറില്‍ നോക്കി ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ ഓരോ 20 മിനുറ്റ് കൂടുമ്പോഴും മോണിറ്ററില്‍ നിന്ന് കണ്ണിന് വിശ്രമം നല്‍കുക. മോണിട്ടറില്‍ നിന്ന് ഇരുപത് അടിയെങ്കിലും ദൂരത്തുള്ള എന്തിലേക്കെങ്കിലും 20 സെക്കന്‍ഡ് നേരം നോക്കുക.

ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ തുടര്‍ച്ചയായി സുഖകരമായി ഉറങ്ങുക. ഇക്കാര്യം എപ്പോഴും ഉറപ്പുവരുത്തുക. ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം ഒരു പ്രധാനഘടകമാണ്.

മാനസികസമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. ജോലിസംബന്ധമായതോ വീട്ടില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദങ്ങള്‍ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ വിനോദത്തിനും ഉറക്കത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുക. മനസിന്റെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യത്തില്‍ നിന്ന് മാറിനില്‍ക്കുന്ന ഒന്നല്ലെന്ന് മനസിലാക്കുക.