സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങള്‍ നമ്മുടെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്.
ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങള്‍ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കുക.
ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇലക്കറികള്‍. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വൈറ്റമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴങ്ങള്‍. ഫൈബര്‍, വൈറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്‌ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി, കറുവാപ്പെട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍.
തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. അവ ആഹാരം വിഘടിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും സഹായിക്കും. നല്ല ബാക്റ്റീരിയകള്‍ ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. കൂടാതെ പ്രതിരോധശേഷിക്കും തൈര് കുടിക്കുന്നത് നല്ലതാണ്.