Home അറിവ് എയര്‍കൂളര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

എയര്‍കൂളര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ടുത്ത ചൂട്കാലത്തിലൂടെയാണ് നമ്മള്‍ കടന്ന്‌പോകുന്നത്. ഫാന്‍ ഇട്ടാല്‍ പോലും മുറിയിലിരിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. അസഹനീയമായ ചൂട് സഹിക്കാന്‍ പറ്റാതെ വരുമ്പോഴാണ് ആളുകള്‍ എയര്‍ കൂളറും എസിയും ഒക്കെ വാങ്ങുന്നത്. എയര്‍ കൂളറും എസിയുമൊക്കെ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്.

എയര്‍ കൂളര്‍ അന്തരീക്ഷത്തിലെ വായുവിനെ തണുപ്പിക്കുന്നു. എസി വായുവിനെ തണുപ്പിക്കുന്നതിനോടൊപ്പം വായുവില്‍ നിന്നുള്ള ഈര്‍പ്പത്തെ പുറത്തെടുക്കുകയും ചെയ്യും. വായുവിന്റെ താപനിലയും ഈര്‍പ്പവും നമുക്ക് വേണ്ടുന്ന നിലയിലേക്ക് മാറ്റുന്ന പ്രക്രിയയാണ് എയര്‍ കണ്ടീഷനിങ്.

കൂളര്‍ പ്രവര്‍ത്തിക്കാനാണെങ്കില്‍ ആവശ്യമായ വൈദ്യുതിയുടെ നാലഞ്ചു മടങ്ങ് അധികം വേണം എസിയ്ക്ക്. കൂളര്‍ നമുക്ക് സൗകര്യപ്രദമായ ഇടങ്ങളില്‍, മുറിക്ക് അകത്തോ പുറത്തോ വയ്ക്കാം എന്ന ഗുണമുണ്ട്. കൂളര്‍ എപ്പോഴും പരിസ്ഥിതിയോട് കുറച്ചു കൂടി ഇണങ്ങുന്ന രീതിയിലുളളതാണ്.

അതേസമയം, കൂളര്‍ ഇടയ്ക്കിടെ തുറന്നു വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അതില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എയര്‍ കണ്ടീഷണറിനെ അപേക്ഷിച്ച് എയര്‍ കൂളര്‍ സാമ്പത്തികമായി മെച്ചപ്പെട്ടതാണെങ്കിലും, ചില പോരായ്മകളുണ്ട്. എയര്‍ കൂളര്‍ മുറിയുടെ ജലാംശം (Humidity) വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ക്കത് കണ്ണിനും തൊലിയ്ക്കും ശ്വാസകോശത്തിനും ദോഷകരമാവുന്നു. എയര്‍ കൂളര്‍ പുറത്തുള്ള പൊടിപടലങ്ങള്‍ അകത്തെത്തിക്കുന്നു.

ഉപയോഗിക്കുന്ന വെള്ളം ഇടയ്ക്കിടയ്ക്ക് മാറ്റിയില്ലെങ്കില്‍ അതില്‍ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ വളര്‍ന്ന് ദോഷമുണ്ടാവാം. എയര്‍ കൂളര്‍, എസിയെ പോലെ അണുക്കളെ – ബാക്ടീരിയ, വൈറസ് – അരിച്ച് മാറ്റുന്നില്ല. എയര്‍ കൂളറിന്റെ ബാഷ്പീകരണ തണുപ്പ് ചില കുട്ടികളില്‍ ജലദോഷമുണ്ടാക്കും.