Home വാണിജ്യം വേഗത കൂട്ടണം, സേവനം മെച്ചപ്പെടുത്തണം; ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ട്രായുടെ വന്‍ മാറ്റങ്ങള്‍

വേഗത കൂട്ടണം, സേവനം മെച്ചപ്പെടുത്തണം; ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ട്രായുടെ വന്‍ മാറ്റങ്ങള്‍

മാറ്റത്തിനൊരുങ്ങി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനമേഖല. ഇവിടെ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി. വയര്‍ഡ് ബ്രോഡ്ബാന്‍ഡിന്റെ മിനിമം വേഗത സെക്കന്‍ഡില്‍ 512 കെബി എന്നത് 2 എംബിയാക്കി ഉയര്‍ത്തണമെന്നാണ് പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 298 പേജുകള്‍ ഉള്ള വിശദമായ റിപ്പോര്‍ട്ടാണ് ട്രായ് തയ്യാറാക്കിയിരിക്കുന്ന്. മികച്ച കണക്ടിവിറ്റി ഒരോ ഇന്ത്യക്കാരന്റെയും അടിയന്തര ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രോഡ്ബാന്‍ഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തണം. കൂടുതല്‍ ശേഷിയുള്ളതും, വേഗമേറിയതും വിശ്വസ്തവുമായ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ട്രായ് ആവര്‍ത്തിക്കുന്നു.

ഡൗണ്‍ലോഡ് വേഗം അനുസരിച്ച് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെ മൂന്നായി തരം തിരിക്കണമെന്നാണ് ട്രായ് ശുപാര്‍ശ. രണ്ട് എംബിപിഎസ് മുതല്‍ 50 എംബിപിഎസ് വരെ വേഗത നല്‍കുന്ന കണക്ഷന്‍ ബേസിക് ആയിരിക്കും. അമ്പത് എംബിപിഎസ് മുതല്‍ 300 എംബിപിഎസ് വരെ വേഗത നല്‍കുന്നത് ഫാസ്റ്റ് വിഭാഗത്തില്‍ പെടും.

മുന്നൂറ് എംബിപിഎസിന് മുകളില്‍ വേഗത നല്‍കുന്നതിനെ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുക. അന്താരാഷ്ട്രതലത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയും സേവനത്തിന്റെ നിലവാരവും വളരെ കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ഗ്രാമീണ മേഖളകളില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് ട്രായ് നിര്‍ദ്ദേശം. ഒരു ഉപഭോക്താവിന് ഒരു മാസം പരമാവധി 200 രൂപ എന്ന നിലയില്‍ സഹായം ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.