Home ആരോഗ്യം പ്രമേഹം ചില്ലറക്കാരനല്ല; രോഗത്തെ നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പ്രമേഹം ചില്ലറക്കാരനല്ല; രോഗത്തെ നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പ്രധാനപ്പെട്ട ജീവിതശൈലീ രോഗങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ഇന്ന് പ്രമേഹരോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടി വരികയാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണിത്.

അതുകൊണ്ട് ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് വരുതിയിലാക്കാന്‍ കഴിയും. പണ്ട് കാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന രോഗമായിരുന്നു ഇതെങ്കില്‍ ഇന്ന് കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി പ്രമേഹ രോഗം കണ്ടുവരുന്നു.

വ്യായാമത്തിന്റെ കുറവ്, അമിതവണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിയൊരുക്കുന്ന കാരണങ്ങളാണ്. പ്രമേഹം നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. അവ ഏതൊക്കെയാണെന്ന് നോക്കാം.

കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ നില പരിശോധിക്കണം. ഇത് ദിനംപ്രതിയായാല്‍ നല്ലത്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നല്ലതാണിത്. മൂന്ന് മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണുകയും വേണം.

പ്രമേഹ രോഗികള്‍ അമിത അളവില്‍ ഭക്ഷണം കഴിക്കരുത്. കഴിക്കുന്ന ആഹാരത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. കൃത്യ സമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തില്‍ കാര്‍ബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എല്ലാദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കുന്നതിനും നല്ലതാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

പുകവലി ഒഴിവാക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക. ഇതൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.