Home Uncategorized ചക്ര കസേരയിലിരുന്ന് കുട നിര്‍മ്മാണം: മുസ്തഫയുടെ മാസവരുമാനം 8000 രൂപ

ചക്ര കസേരയിലിരുന്ന് കുട നിര്‍മ്മാണം: മുസ്തഫയുടെ മാസവരുമാനം 8000 രൂപ

ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും പാടേ തകര്‍ന്ന് പോകുന്നവരാണ് മനുഷ്യര്‍. എന്നാല്‍ ചിലരങ്ങനെയല്ല, അവര്‍ക്ക് വിധിയുടെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ ഒരിക്കലും മനസുണ്ടാകില്ല. വീഴ്ചയില്‍ നിന്നും പുതിയ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന അത്തരക്കാരെയാണ് നമ്മള്‍ മാതൃകയാക്കേണ്ടത്.

അത്തരത്തില്‍ ഒരു വ്യക്തിയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ മുസ്തഫ പറമ്പന്‍. മുസ്തഫ ചക്രകസേരയില്‍ ഇരുപ്പായിട്ട് നീണ്ട 15 വര്‍ഷങ്ങള്‍ കഴിഞ്ഞു. അപ്രതീക്ഷിതമായി വന്ന ഒരു അപകടമാണ് മുസ്തഫയെ വീല്‍ചെയറില്‍ കുരുക്കിയിട്ടത്. കവുങ്ങില്‍ നിന്നും പിടിവിട്ട് താഴേക്ക് വീണതായിരുന്നു ഇദ്ദേഹം. 2005ല്‍ ആയിരുന്നു മുസ്തഫയുടെ ജീവിതം കീഴ്‌മേല്‍ മറിച്ച ഈ സംഭവം നടന്നത്.

ലഭ്യമായ എല്ലാ ചികിത്സകളും നല്‍കിയെങ്കിലും അദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗം തളര്‍ന്നു പോവുകയായിരുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മുസ്തഫ തന്റെ വിധിയില്‍ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യം മനസിലാക്കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

ഏത് വിധേനയും ജീവിതത്തിലേക്ക് മടങ്ങിയെത്തണം. കുറഞ്ഞപക്ഷം തന്റെ ചെലവിനായുള്ള പണമെങ്കിലും ഉണ്ടാക്കാന്‍ കഴിയണം. ഈ ഒരു ചിന്തയില്‍ നിന്നുമാണ് മുസ്തഫ സംരംഭകത്വം എന്ന സ്വപ്നം കണ്ടു തുടങ്ങിയത്. അതിന് കാരണമായത് പുളിക്കല്‍ പാലിയേറ്റിവ് കെയര്‍ നടത്തിയ കുട നിര്‍മാണ പരിശീലനമാണ്.

ഇനി എന്ത് ചെയ്യും എന്ന ചിന്ത മുസ്തഫയെ തുടക്കത്തില്‍ തളര്‍ത്തിയിരുന്നു. അപ്പോഴാണ് പുളിക്കല്‍ പാലിയേറ്റിവ് കെയര്‍ നടത്തിയ കുട നിര്‍മാണ പരിശീലനം ജീവിതത്തില്‍ പിടിവള്ളിയായത്. തുടക്കത്തില്‍ ശ്രമകരമായിരുന്നു എങ്കിലും മുസ്തഫ ചക്ര കസേരയില്‍ ഇരുന്നുകൊണ്ട് കുടനിര്‍മാണ രീതികള്‍ പഠിച്ചെടുത്തു. ആദ്യം ഡേ കെയര്‍ സെന്ററിലേക്ക് അവര്‍ നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ട് കുടകള്‍ നിര്‍മിക്കുകയായിരുന്നു ചെയ്തിരുന്നത്. നിര്‍മിക്കുന്ന കുടക്ക് നിശ്ചിത തുക കൂലി ആയി ലഭിക്കുമായിരുന്നു. 2007 ലാണ് ഇത്തരത്തില്‍ കുട നിര്‍മാണത്തിലേക്ക് കടന്നത്. പിന്നീട് സ്വന്തം ബ്രാന്‍ഡില്‍ നിര്‍മിച്ച കുടകള്‍ വില്‍ക്കാന്‍ തുടങ്ങി മുസ്തഫ.

ആദ്യം നൂറ് കുടകളാണ് നിര്‍മ്മിച്ച് വിറ്റത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചില സുഹൃത്തുക്കളും അവര്‍ നല്‍കിയ ഓര്‍ഡറുകളുമായിരുന്നു നൂറു കുടകള്‍ നിര്‍മിക്കുന്നതിന് പ്രചോദനമായത്. ഇത് വിജയകരമായപ്പോള്‍ സോഷ്യല്‍ മീഡിയ വഴി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങി.

220 രൂപ മുതല്‍ 1700 രൂപ വരെയുള്ള കുടകളാണ് മുസ്തഫ നിര്‍മിച്ചു വില്‍ക്കുന്നത്. ഇതെല്ലം തന്നെ വീല്‍ചെയറില്‍ ഇരുന്നും കിടക്കയില്‍ കിടന്നുമാണ് നിര്‍മിക്കുന്നത്. എന്നാല്‍ പെര്‍ഫെക്ഷന്റെ കാര്യത്തില്‍ ഏത് മുന്‍നിര കുടനിര്‍മാണ കമ്പനികളുടെ കുടകളെയും വെല്ലുന്നതാണ് മുസ്തഫയുടെ കുടകളെന്ന് ഉപഭോക്താക്കളും പറയുന്നു.

സോഷ്യല്‍ മീഡിയ തന്നെയാണ് കഴിഞ്ഞ 13 വര്‍ഷമായി കുട നിര്‍മാണം നടത്തുന്ന മുസ്തഫ പറമ്പന്റെ പ്രധാന വിപണി. ഇതിനിടയ്ക്ക് അച്ചാര്‍ നിര്‍മാണത്തിലേക്കും പേപ്പര്‍ പേന നിര്‍മാണത്തിലേക്കും കൂടി മുസ്തഫ കടന്നിരുന്നു. എന്നാല്‍ ലാഭം കൂടുതല്‍ കുട നിര്‍മാണത്തില്‍ നിന്നും ആയതിനാല്‍ അച്ചാര്‍ നിര്‍മാണം ഒഴിവാക്കി. സര്‍ക്കാരില്‍ നിന്നും മറ്റുമുള്ള ബള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതിനാല്‍ പേന നിര്‍മാണം കുട നിര്‍മാണത്തോടൊപ്പം കൊണ്ട് പോകുന്നു. പേന 8 രൂപയ്ക്കാണ് വില്‍ക്കുന്നത്. ലോഗോ പ്രിന്റ് ചെയ്ത കുടകളും മുസ്തഫ നിര്‍മിക്കുന്നുണ്ട്.