Home നാട്ടുവാർത്ത സ്നേഹം നടിച്ച് കുഞ്ഞിനെ പുഴയിലെറിഞ്ഞ ശൈലജക്ക് ജീവപര്യന്തം.

സ്നേഹം നടിച്ച് കുഞ്ഞിനെ പുഴയിലെറിഞ്ഞ ശൈലജക്ക് ജീവപര്യന്തം.

നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ.

തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് സോഫി തോമസ് ആണ് ശിക്ഷ വിധിച്ചത്.
2016 ഒക്ടോബര്‍ 13നാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ ദാരുണ സംഭവം ഉണ്ടായത്.

കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും 4 വയസ്സുളള മകള്‍ മേബയെ, മേബയുടെ അമ്മ വീട്ടുകാരോടുളള മുന്‍ വൈരാഗ്യം വെച്ച് മേബയുടെ അമ്മ നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ വീടിനടുത്തുളള മണലി പുഴയുടെ കടവിലേക്ക് കൂട്ടികൊണ്ട് പോ‌യി പുഴയിലേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തുകയാണുണ്ടായത്. വിചാരണക്ക് ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തുകയായിരുന്നു.

കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതിന് ശേഷ‍ം, കുട്ടി‌യെ അന്വേഷിച്ച് ചെന്ന കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികള്‍ കൊണ്ടുപോ‌യതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജില്ലാ കോടതിയുടെ ചരിത്രത്തിലാദ്യമായി വീഡിയോ കോൺഫറൻസിലൂടെയായിരുന്നു വിസ്താരം നടന്നത്.

ആസ്ത്രേലിയയിലെ മെല്‍ബണിലായിരുന്ന പ്രധാനസാക്ഷികളുടെ വിചാര‌ണയും തെളിവെടുപ്പുമാണ് തൃശൂര്‍ വീഡിയോ കോ‌ണ്‍ഫറന്‍സ് റൂമിലിരുന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് നടത്തിയത്.

മേബയുടെ പിതാവായ രഞ്ജിത്തും മാതാവായ നീഷ്മയും ആസ്ത്രേലിയയിലെ മെല്‍ബണില്‍ ജോലി ചെയ്ത് വരുന്നതിനാലും, വിസ കിട്ടാത്ത കാരണവും വരാന്‍ സാധിക്കാത്തതുമൂലമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവെടുപ്പ് നടത്തേണ്ടി വന്നത്.

ഒരു കൊലപാതകകേസില്‍ വിദേശത്തുളള പ്രധാനസാക്ഷികളെ വിജയകരമായി വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം വിസ്താരവും എതിര്‍വിസ്താരവും നടത്തി തെളിവെടുത്തതും ആ കേസില്‍ സാക്ഷികളുടെ തെളിവ് ശേഖരിച്ച് പ്രതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയതും ചരിത്രമാവുകയായിരുന്നു.