Home ആരോഗ്യം അടുക്കളയിൽ വേണം ഈ കരുതൽ.

അടുക്കളയിൽ വേണം ഈ കരുതൽ.

സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാം.ഇത്തരം സംഭവങ്ങൾ മരണത്തിലെത്തുമ്പോൾ മാത്രമാണ് പലപ്പോഴും വാർത്തയാവുന്നത്. വീട്ടിനുള്ളിലെ, പ്രത്യേകിച്ചും അടുക്കളയിലെ ശുചിത്വക്കുറവാകാം കാരണം. അടുക്കളയുടെ വൃത്തിയും വെടിപ്പും… പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ ആരോഗ്യം അടുക്കളയിലാണ് എന്ന് പറഞ്ഞാൽ തെറ്റില്ല.
അണുബാധ പിടിപെടാൻ ഒരുപാട് സാധ്യതകളുള്ള സ്ഥലം കൂടിയാണ് അടുക്കള.അടുക്കളയിലുപയോഗിക്കുന്ന പല വസ്തുക്കളും രോഗകാരികളാവാറുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം

പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് നിസ്സാരക്കാരനല്ല. ശുചിയാക്കാത്ത സ്പോഞ്ച് അത് വെക്കുന്നിടത്തെല്ലാം അണുബാധയുണ്ടാക്കുന്നു.
ആഴ്ചയിലൊരിക്കൽ, രണ്ട് മിനുട്ട് നേരം സ്പോഞ്ച് മൈക്രോവേവിൽ വെക്കുക. സ്പോഞ്ച് പഴകിയെങ്കിൽ ഒഴിവാക്കി പുതിയത് എടുക്കുക. മൈക്രോഫൈബർ തുണിയാണ് സ്പോഞ്ചിനേക്കാൾ നല്ലത്.

സിങ്ക് വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉറപ്പ്. അടുക്കളജോലികൾ തീരുന്ന സമയത്ത് അണുനാശിനി ഉപയോഗിച്ച് സിങ്ക് കഴുകിയിടുക. സിങ്ക് അടഞ്ഞിട്ടുണ്ടെങ്കിൽ തുല്യ അളവിൽ സോഡക്കാരവും ഉപ്പും ചോർത്ത ലായനി ഒഴിച്ചുവെക്കുക. കുറച്ചുകഴിഞ്ഞ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

സ്പോഞ്ചുകളെപ്പോലെത്തന്നെയാണ് അടുക്കളയിലുപയോഗിക്കുന്ന തുണികളുടെ കാര്യവും. വൃത്തിയില്ലാത്ത കിച്ചൺ ടവ്വലുകളിൽ കോളിഫോം ബാക്ടീരിയകൾ വളരാൻ സാധ്യതയുണ്ട്. അതേ ടവ്വലുകൊണ്ട് വീണ്ടും പഴങ്ങളും കഴുകിയ പ്ളേറ്റുകളും തുടയ്ക്കുമ്പോൾ അണുക്കൾ പകരുന്നു. പലരും ഒരേ തുണി തന്നെ പാത്രം തുടയ്ക്കാനും ചൂടുള്ള പാത്രം പിടിക്കാനും കൈ തുടയ്ക്കാനും ഉപയോഗിക്കാറുണ്ട്. അടുക്കളയിൽ പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടവ്വലുകൾ നനയുക കൂടി ചെയ്യുമ്പോൾ അവയിൽ എളുപ്പം രോഗാണുക്കൾ വളരുന്നു. ഇത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഉപയോഗിച്ച കിച്ചൺ ടവ്വലുകൾ സോപ്പുവെള്ളത്തിൽ കഴുകി നന്നായി ഉണക്കിയെടുക്കുക. പാത്രം തുടയ്ക്കാനും കൗണ്ടർ തുടയ്ക്കാനും വെവ്വേറെ തുണികൾ കരുതുക.

കഷ്ണങ്ങൾ നുറുക്കുമ്പോൾ സ്വാഭാവികമായും കട്ടിങ്ങ് ബോർഡുകളിൽ വിടവുകളും മുറിവുകളും വരാം.ബോർഡ് നന്നായി കഴുകിയുണക്കി സൂക്ഷിച്ചില്ലെങ്കിൽ അണുബാധയുണ്ടാവാൻ സാധ്യകതയുണ്ട്. മരപ്പലകയാണെങ്കിൽ ഇടയ്ക്ക് എണ്ണയിട്ട് തുടയ്ക്കുന്നത് നന്ന്. ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകാം. പച്ചക്കറി അരിയാനും മാംസം നുറുക്കാനും മീൻ വെട്ടാനും പ്രത്യകം ബോർഡുകൾ ഉപയോഗിക്കണം. കത്തികളും കൈയ്യുറകളും പ്രത്യേകം കരുതുകയും അവ സമയാസമയം വൃത്തിയാക്കുകയും വേണം.

മാസത്തിലൊരിക്കൽ സൂക്ഷ്മമായും ആഴ്ചയിലൊരിക്കൽ സാധാരണമട്ടിലും ഫ്രിഡ്ജ് വൃത്തിയാക്കണം. പച്ചക്കറികളും പഴങ്ങളും മഞ്ഞളും വിനാഗിരിയും കലർത്തിയ വെള്ളത്തിൽ 20 മിനുട്ട് ആഴ്ത്തിവെച്ച് കഴുകിയെടുക്കണം. മാംസവും മത്സ്യവും മുട്ടയും കഴുകി തുടച്ച്, ഓരോ ദിവസത്തേക്കും വേണ്ടത് പ്രത്യേകമാക്കി, കണ്ടെയിനറുകളിൽ അടച്ച് വെക്കണം.

സമയക്കുറവ് മൂലമോ മടിച്ചിട്ടോ, അടുക്കളയിലെ വേസ്റ്റ് ബിൻ രണ്ട് ദിവസം കൂടുമ്പോൾ മാത്രം ശുചിയാക്കുന്നവരുണ്ട്. രോഗകാരികളായ ബാക്ടീരിയകൾ പെറ്റുപെരുകുന്നയിടമാണ് അഴുക്കുപാത്രം. എന്നും പാചകശേഷം വേസ്റ്റ് കളഞ്ഞ് പാത്രം വൃത്തിയായി കഴുകിവെക്കണം.